Latest Videos

നാല് മാസത്തിനു ശേഷം മോഹന്‍ലാല്‍ കേരളത്തില്‍; വീട്ടിലേക്ക് പ്രവേശിക്കും മുന്‍പ് രണ്ടാഴ്‍ചത്തെ ക്വാറന്‍റൈന്‍

By Web TeamFirst Published Jul 25, 2020, 11:35 AM IST
Highlights

ബിഗ് ബോസ് മലയാളത്തിന്‍റെ അവതാരകനായിരുന്ന മോഹന്‍ലാല്‍ അതിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്നാംവാരം ചെന്നൈയില്‍ ഉണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 75-ാം ദിവസം ഷോ അവസാനിപ്പിച്ചതിനു പിന്നാലെ ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്തെ ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നത്. 

നാലു മാസത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ആദ്യമായി കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സമയത്ത് ചെന്നൈയിലെ വസതിയിലായിരുന്ന മോഹന്‍ലാല്‍ നാലു മാസം അവിടെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം റോഡ് മാര്‍ഗ്ഗമാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. എന്നാല്‍ അമ്മയും മറ്റംഗങ്ങളുമുള്ള കൊച്ചി തേവരയിലെ വീട്ടിലേക്ക് രണ്ടാഴ്‍ചകള്‍ക്കു ശേഷമേ അദ്ദേഹം പ്രവേശിക്കൂ. അതുവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്‍റൈനില്‍ ആയിരിക്കും.

ബിഗ് ബോസ് മലയാളത്തിന്‍റെ അവതാരകനായിരുന്ന മോഹന്‍ലാല്‍ അതിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്നാംവാരം ചെന്നൈയില്‍ ഉണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 75-ാം ദിവസം ഷോ അവസാനിപ്പിച്ചതിനു പിന്നാലെ ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്തെ ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നത്. തുടര്‍ന്ന് ഭാര്യയ്ക്കും മകന്‍ പ്രണവിനുമൊപ്പം ചെന്നൈയിലെ വീട്ടില്‍ തന്നെ കഴിയാനായിരുന്നു മോഹന്‍ലാലിന്‍റെ തീരുമാനം. ഇതിനിടെ അദ്ദേഹത്തിന്‍റെ അറുപതാം പിറന്നാള്‍ ഉള്‍പ്പെടെ വന്നുപോയി. സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസാസന്ദേശങ്ങള്‍ക്കപ്പുറത്ത് ചെന്നൈയിലെ വസതിയില്‍ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പിറന്നാള്‍ ദിനത്തില്‍ ഒത്തുചേര്‍ന്നത്. തേവരയിലെ വീട്ടില്‍ കഴിയുന്ന അമ്മയെ കാണുക എന്നതാണ് ഇപ്പോഴത്തെ വരവിന്‍റെ പ്രധാന ഉദ്ദേശം. പതിനാല് ദിവസത്തെ ക്വാറന്‍റൈനിന് ശേഷം അമ്മയ്ക്കൊപ്പം കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ചതിനു ശേഷം അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങിയേക്കും. 

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനിശ്ചിതമായി നീണ്ട സിനിമകളുടെ കൂട്ടത്തില്‍ പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം 'മരക്കാറു'മുണ്ട്. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ബജറ്റില്‍ (100 കോടി) തയ്യാറായ ചിത്രം മാര്‍ച്ച് 26ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. അഞ്ച് ഭാഷകളിലാണ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാഹചര്യം പ്രതികൂലമായതോടെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. അതേസമയം ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന്‍റെ ചിത്രീകരണം സെപ്റ്റംബറോടെ ആരംഭിച്ചേക്കും.

click me!