അഭിനയവും ജീവിതാനുഭവങ്ങളും നിറഞ്ഞ ‘മുഖരാഗം’; മോഹൻലാലിന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുന്നു

By Web TeamFirst Published May 21, 2019, 2:19 PM IST
Highlights

'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

കൊച്ചി: അമ്പത്തിയൊന്‍പതാം പിറന്നാള്‍ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകി നടൻ മോഹൻലാൽ. തന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വിവരം മോഹൻലാൽ ആരാധകരുമായി പങ്കുവച്ചു. 'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

40 വർഷത്തിലേറെയായി തുടരുന്ന അഭിനയജീവിതവും തന്റെ ജീവിതാനുഭവങ്ങളും കൂടിച്ചേരുന്നതായിരിക്കും ജീവചരിത്ര​ഗ്രന്ഥമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ് മോഹൻലാലിന്റെ ജീവചരിത്രത്തിന്റെ രചയിതാവ്. വർഷങ്ങളായി തനിക്കൊപ്പം സഞ്ചരിച്ചാണ് ഭാനുപ്രകാശ് തന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതുന്നത്. 2020-ൽ 'മുഖരാഗം' വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും മോഹൻലാൽ കുറിച്ചു.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

'മുഖരാഗം' എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

click me!