Marakkar | 'ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല'; 'മരക്കാര്‍' തിയറ്റര്‍ റിലീസിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍

By Web TeamFirst Published Nov 11, 2021, 9:50 PM IST
Highlights

റിലീസ് തീയതി ഇന്നു വൈകിട്ട് മന്ത്രി സജി ചെറിയാന്‍ ആണ് ആദ്യമായി പ്രഖ്യാപിച്ചത്

'മരക്കാര്‍' (Marakkar) തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലെ ആഹ്ളാദം പങ്കുവച്ച് മോഹന്‍ലാല്‍ (Mohanlal). "ആ ഗംഭീര സര്‍പ്രപൈസിന്‍റെ പൂട്ട് തുറക്കാനുള്ള സമയമായി. ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല. മനോഹരമായ ദൃശ്യവിസ്‍മയം അതിന്‍റെ എല്ലാ ചാരുതയോടും, അത് എവിടേക്കുവേണ്ടിയാണോ നിര്‍മ്മിക്കപ്പെട്ടത്, അവിടെത്തന്നെ ആസ്വദിക്കാന്‍ പോവുകയാണ് നിങ്ങള്‍". മരക്കാറിന്‍റെ ആഗോള തിയറ്റര്‍ റിലീസ് തീയതി പങ്കുവച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം വന്നതിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ച്ചകളിലാണ് ചിത്രം തിയറ്റര്‍ റിലീസ് ആണെന്നുള്ള തീരുമാനം പുറത്തുവന്നത്. മന്ത്രി സജി ചെറിയാന്‍ ആണ് ആദ്യമായി മാധ്യമങ്ങളോട് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 2നാണ് ലോകമാനമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുക. ആ സമയമാവുമ്പോഴേക്ക് തിയറ്ററുകളില്‍ 75 ശതമാനം സീറ്റുകളിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അറിയുന്നു. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമാവുന്നത്. സംസ്ഥാന സര്‍ക്കാരിനും മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു താല്‍പര്യം.

എട്ടാം തീയതി ചെന്നൈയില്‍ നടന്ന, ചിത്രത്തിന്‍റെ ആദ്യ സ്വകാര്യ പ്രദര്‍ശനത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിത്രം കണ്ടിരുന്നു. ഇതിനുശേഷം തിയറ്റര്‍ റിലീസ് എന്ന അഭിപ്രായത്തിലേക്ക് മോഹന്‍ലാലും അന്തിമമായി എത്തിയെന്നാണ് വിവരം. ഒടിടി റിലീസ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക റിലീസ് തീയതിയോ ഏത് പ്ലാറ്റ്‍ഫോം എന്നതോ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇനി തിയറ്റര്‍ റിലീസിനു പിന്നാലെയാവും ചിത്രം ഒടിടിയില്‍ എത്തുക. ഇത് എത്ര ദിവസത്തിനു ശേഷമായിരിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് അറിയുന്നത്.

click me!