
പ്രഖ്യാപനംതൊട്ടേ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് ആകര്‍ഷണം.'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ അടുത്തിടെ മോഹൻലാല്‍ രാജസ്‍ഥാനില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.
'മലൈക്കോട്ടെ വാലിബൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന് പുറത്തുവിടും എന്നാണ് മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.
ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബന്റെ' നിര്‍മ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ 'മലൈക്കോട്ടൈ വാലിബനി'ല്‍ വേഷമിടുന്നു. മലയാളത്തില്‍ നിന്ന് ചിത്രത്തില്‍ മറ്റ് ആരൊക്കെ ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
മോഹൻലാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'എലോണാ'ണ്. നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായിയെന്ന പ്രത്യേകതയും 'എലോണി'നുണ്ടായിരുന്നു. ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. മോഹൻലാല്‍ മാത്രമാണ് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'എലോണ്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം 4 മ്യൂസിക്കാണ്.
Read More: 'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു