'നീ പോ മോനെ ദിനേശാ', മലയാളികള്‍ ഏറ്റുപറഞ്ഞ ലാലേട്ടൻ ഡയലോഗുകൾ

Published : May 21, 2025, 10:01 AM IST
'നീ പോ മോനെ ദിനേശാ', മലയാളികള്‍ ഏറ്റുപറഞ്ഞ ലാലേട്ടൻ ഡയലോഗുകൾ

Synopsis

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗുകള്‍.

'മംഗലശ്ശേരി നീലകണ്ഠനെ'യും 'കണിമംഗലം കോവിലകത്തെ ജഗനാഥനെ'യും മലയാളികള്‍ അന്നും ഇന്നും ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്. കാലങ്ങള്‍ എത്രകഴിഞ്ഞാലും ഈ കഥാപാത്രങ്ങളൊക്കെയും മനസ്സില്‍ മായാതെ നില്‍ക്കും. മോഹന്‍ലാല്‍ എന്ന നടന്റെ കഥാപാത്രങ്ങള്‍ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകളും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ആ ഡയലോഗുകളൊക്കെയും മലയാളികള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. മോഹന്‍ലാലിന്റെ ജന്മ ദിനത്തില്‍ ഓര്‍ക്കാന്‍ അവയില്‍ ചിലത് (Mohanlal Birthday).

1. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ 'നരസിംഹം'. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഏറെ പ്രശസ്‍തമായ ഡയലോഗാണ് ''നീ പോ മോനെ ദിനേശാ''. സിനിമയിറങ്ങിയ അന്നു മുതല്‍ ഇന്നുവരെയും ആ ഡയലോഗ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.  

2. ''മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും''.1986ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലെ ഈ ഡയലോഗുകള്‍ ഇന്നും മായാത നിൽക്കുന്നു.

3. സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ് ബാദുഷ ഖാന്‍.ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട് ??? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വരിപുണര്‍ന്നു. പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗുമായി കാലമൊരുപാട്. ഒടുവിലൊരു നാള്‍ ഗുരുവിന്റെ ഖബറിങ്കല്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു.  ഒരിക്കലും തീരാത്ത യാത്ര. സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാത്തേ ഹേ... - 'ആറാം തമ്പുരാന്‍'

4. ''ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ'' ഈ ഡയലോഗിനോളം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച മറ്റൊരു ഡയലോഗുണ്ടോ എന്നത് സംശയമാണ്. പദ്മരാജന്‍ സംവിധാനം ചെയ്‍ത 'തൂവാനത്തുമ്പികള്‍' എന്ന സിനിമയിലേതാണ് ഈ ഡയലോഗ്.

5. മോഹന്‍ലാല്‍ സ്‌റ്റെലിഷ് ഗെറ്റപ്പിലെത്തിയ ചിത്രമായിരുന്നു 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്'. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിലെ 'സാഗര്‍' എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ. 'ജാക്കി' എന്ന ശത്രുവിനെ അറിയില്ല എന്ന ഡയലോഗ് മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച പഞ്ച് ഡയലോഗുകളിലൊന്നാന്നാണ്.    

6. ''ബെസ്റ്റ് കണ്ണാ ബെസ്റ്റ്'' മലയാളികള്‍ നിരവധി തവണ ആവര്‍ത്തിച്ചു പറഞ്ഞ മോഹന്‍ലാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഡയലോഗാണ് 'ചന്ദ്രോത്സവ'ത്തിലേത്.

7.  മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആറാംതമ്പുരാനിലെ 'കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍'.ചിത്രത്തിലെ ''ശംഭോ മഹാദേവ'' മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച പഞ്ച് ഡയലോഗുകളിലൊന്നാണ്.

8. നീ കുട്ടിയാണ്, നിനക്ക് ഒന്നുമറിയില്ല മോഹന്‍ലാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് ഡയലോഗ്. 'നാട്ടുരാജാവ്' എന്ന ചിത്രത്തിലേതാണ് ഈ വാക്കുകൾ.

9. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ 'താണ്ഡവ'ത്തിലെ ''സ്‌ട്രോങ്ങല്ലേ'' എന്ന ഡയലോഗും മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളിലൊന്നാണ്.  

10. ''അവന്‍ കൊല്ലാന്‍ ശ്രമിക്കും; ഞാന്‍ ചാവാതിരിക്കാനും'' മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ഡയലോഗുകളിലൊന്നാണിത്. ഭരതന്‍ സംവിധാനം ചെയ്‍ത 'താഴ്വര'ത്തിലെ ഈ ഡയലോഗ് ഇന്നും മലയാളികളുടെ മനസിലുണ്ട്.  

11. ''ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും സണ്ണി എന്ന യുവാവ് താര എന്ന യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കും'', 'സുഖമോ ദേവി'യിലെ ഈ ഡയലോഗുകളും മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച ഡയലോഗുകളിലൊന്നാണ്.

12. 'നെട്ടൂരാനോടാണോടാ നിന്റെ കളി' - 'ലാല്‍ സലാം'

13. മൈ ഡിസ്റ്റര്‍ബന്‍സ് വില്‍ ബി യുവര്‍ ബ്ളസിംഗ്‍സ് - 'റോക്ക് ആന്‍ഡ് റോള്‍'

14.  'മംഗലശ്ശേരി നീലകണ്‌ഠനെ'യും 'മംഗലശ്ശേരി കാർത്തികേയനെ'യും സിനിമാ പ്രേമികൾ മറന്ന് കാണാൻ ഇടയില്ല. ദേവാസുരം എന്ന ചിത്രത്തിലാണ് മംഗലശ്ശേരി നീലകണ്‌ഠനെ ആദ്യമായി കണ്ടത്. പിന്നീട് കണ്ടത് എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുളള രണ്ടാം വരവായ രാവണ പ്രഭുവിൽ. രണ്ട് വേഷത്തിൽ മോഹൻലാൽ തകർത്താടിയ ചിത്രത്തിൽ പഞ്ച് ഡയലോഗുകൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ചിത്രത്തിൽ മംഗലശ്ശേരി കാർത്തികേയന്റെ മാസ്റ്റർ പീസ് ഡയലോഗായിരുന്നു ‘സവാരി ഗിരി ഗിരി’. ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിയ്ക്കുന്ന വാര്യര്‍ എന്ന കഥാപാത്രത്തോട് നീലകണ്ഠന്‍ ചോദിക്കുന്ന ഡയലോഗാണ്, 'എന്താടോ വാര്യരെ ഞാന്‍ നന്നാവാത്തത്' എന്ന്. ഈ ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ ചുറ്റിക്കറങ്ങുന്നുണ്ട്.

15. വട്ടാണല്ലേ…
ഏവരെയും പൊട്ടിചിരിപ്പിച്ച 'കിലുക്കം' എന്ന ചിത്രത്തിലൂടെയാണ് ഈ ഡയലോഗ് സുപരിചിതമാവുന്നത്. ജോജിയുടെയും നിശ്ചലിന്റെയും നന്ദിനിയുടെയും ജീവിതം പറഞ്ഞ ചിത്രം സംവിധാനം ചെയ്‌തത് പ്രിയദർശനായിരുന്നു.

16. എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലല്ലേ?

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘ചിത്ര’ത്തിലെ 'വിഷ്‌ണു'. ‌സിനിമയുടെ അവസാന രംഗങ്ങൾ ആരും അങ്ങനെ മറന്ന് കാണുകയില്ല. ജീവിക്കാൻ കൊതിയോടെ നിൽക്കുന്ന വിഷ്‌ണു, സോമൻ ചെയ്‌ത പൊലീസ് കഥാപാത്രത്തോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലാല്ലേ എന്ന് ചോദ്യം കേട്ട് പിടഞ്ഞത് സിനിമാ പ്രേമികളുടെ നെഞ്ചാണ്.

17. എന്നോട് പറ ഐ ലവ് യൂ…ന്ന്

പ്രണയവും കോമഡിയും വിരഹവും പറഞ്ഞാണ് വന്ദനം സിനിമ നമുക്ക് മുന്നിലെത്തിയത്. 'ഉണ്ണികൃഷ്‌ണനാ'യാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തിയത്. 'ഗാഥ' എന്ന പെൺകുട്ടിയെ പ്രണയിക്കുന്ന 'ഉണ്ണികൃഷ്‌ണൻ' അവരെ കൊണ്ട് ഐ ലവ് യൂ എന്ന് പറയിക്കുന്നത് രസകരമായ രംഗമാണ്. ഗാഥയോട് എന്നോട് പറ ‘ഐ ലവ് യൂ ‘…ന്ന് പറയുന്ന 'ഉണ്ണികൃഷ്‌ണനെ 'നാമാരും മറന്നിരിക്കാൻ ഇടയില്ല.

18. ലേലു അല്ലു ലേലു അല്ലു
മലയാളത്തിലല്ലെങ്കിലും ഈ വാക്കുകൾ മലയാളിയ്‌ക്ക് വളരെ സുപരിചിതമാണ്. 'തേൻമാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിലാണ് മോഹൻലാൽ പറയുന്ന ഈ ഡയലോഗുകൾ. പ്രിയദര്‍ശന്‍ ചിത്രത്തിലെ 'ലേലു അല്ലു ലേലു അല്ലു 'മാപ്പു പറയുന്ന ഈ വാക്കുകൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു.

19.  ‘ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു ഒരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’, ഈ ഡയലോഗ് മോഹൻലാൽ പറഞ്ഞപ്പോൾ തിയറ്ററുകളിൽ മുഴങ്ങിയ ആരവങ്ങൾ എത്രത്തോളമാണെന്ന് പറയഞ്ഞറിയിക്കുക വയ്യ. പൃഥ്വിരാജിന്റെ കന്നി സംവിധാന ചിത്രമായ 'ലൂസിഫറി'ലേതാണ് ഈ ഡയലോഗ്.

20. മോഹന്‍ലാലിന്റെ ആദ്യ ചിത്രമാണ് 'മഞ്ഞില്‍ വിരിഞ്ഞ പൂവ്'. ഫാസില്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ശങ്കറും പൂര്‍ണിമ ഭാഗ്യരാജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രതിനായക വേഷത്തിലെത്തിയ മോഹലാല്‍ പൂര്‍ണിമയോട് പറയുന്ന ഡയലോഗാണ് 'ഗുഡ് ഈവിനിങ് മിസിസ് പ്രഭ നരേന്ദ്രന്‍' എന്ന്.

21. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തിയ ചിത്രമാണ് 1986 ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകന്‍'. ചിത്രത്തില്‍ മോഹന്‍ലാല്‍ അംബിക അവതരിപ്പിക്കുന്ന കഥാപാത്രത്തിനോട് പറയുന്ന ഡയലോഗാണ് 'മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്'. ഈ ഡയലോഗും 'വിന്‍സന്റ് ഗോമസ്' എന്ന കഥാപാത്രവും ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു.

22. കെ മധു സംവിധാനം ചെയ്‍ത് 1987 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഇരുപതാം നൂറ്റാണ്ട്'. ചിത്രത്തില്‍ തോള്‍ ഒന്ന് ചരിച്ച് മോഹന്‍ലാല്‍ 'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്' എന്ന് പറയുന്ന ഡയലോഗ് ഒട്ടനവധി അനുകരണ വേദികളില്‍ ലാല്‍ അപരന്മാരായി എത്തിയവര്‍ അവതരിപ്പിച്ച് കൈയ്യടി നേടിയതാണ്.

23. കൈയ്യില്‍ പൈസ ഇല്ലാതിരിക്കുമ്പോള്‍ പല ചെറുപ്പക്കാരും ഇന്നും ആലോചിക്കുന്ന ചിത്രമാണ് നാടോടിക്കാറ്റ്. എന്തെങ്കിലും തക്കിട തരികട കാണിച്ച് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്ന ഏതൊരു മലയാളിയും അറിയാതെയെങ്കിലും മനസ്സില്‍ പറഞ്ഞ് പോവും, 'എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്' എന്ന്. 'എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ' എന്ന ശ്രീനിവാസന്റെ ഡയലോഗും ഹിറ്റാണ്

24. ഇന്നും വഴിയറിയാതെ എവിടെയെങ്കിലും പോവുമ്പോള്‍ മലയാളികള്‍ പരസ്‍പരം പറയുന്ന ഡയലോഗാണ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ 'സാഗര്‍ കോട്ടപ്പുറം' പറഞ്ഞത്, 'നമുക്ക് ചോയിച്ച് ചോയിച്ച് പോവ്വാം' എന്നത്.

25. ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 'സ്‍ഫടികം' എന്ന ചിത്രത്തിലെ 'ആടു തോമ'. റൈബന്‍ ഗ്ലാസിന് മലയാളികള്‍ക്കിടയില്‍ മാര്‍ക്കറ്റ് ഉണ്ടായത് ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു ഡയലോഗിന് ശേഷമാണ്, 'ഇത് എന്റെ പുത്തന്‍ റൈബന്‍ ഗ്ലാസ്.. ഇത് ചവിട്ടി പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ വെട്ടും'

മോഹൻലാല്‍ പറഞ്ഞ് ഹിറ്റാക്കിയ ഡയലോഗുകള്‍ ഇനിയും ഒരുപാട് മലയാള സിനിമകളിലുണ്ട്. അവയിൽ പലതും നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും മലയാളികള്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞു പോവുന്നുമുണ്ട്. മുകളിൽ പറയാത്തവ പ്രേക്ഷകർക്ക് കൂട്ടിച്ചേർക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു