
താരസംഘടനയായ അമ്മയില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. സംഘടനയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നാളെ നടക്കും. പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ അടക്കം നിലവിലെ ടീം തന്നെ മിക്ക സ്ഥാനങ്ങളിലും തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹന്‍ലാലിന്‍റെ നിലപാട്. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് ജനറൽ ബോഡി ചർച്ച ചെയ്യും. അതേസമയം സംഘടനയില്‍ ഭാരവാഹിത്വം വഹിക്കാന്‍ താല്‍പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തും.
സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്‍റ് സ്ഥാനത്തുള്ള മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ അഭിനേതാക്കളില്‍ നിന്ന് ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഭരണസമിതിയിലെ കൂട്ടരാജി. അതിക്രമ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ടരാജിയിലേക്കെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ലെന്നും സിനിമാ രംഗം ആകെയാണെന്നും വിഷയത്തില്‍ മോഹൻലാൽ പിന്നീട് പ്രതികരിച്ചിരുന്നു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.