സ്ക്രീനില്‍ ഒളി മങ്ങാത്ത അഭിനയ ചാരുത; മോഹന്‍ലാലിന് അറുപതിന്‍റെ നിറവ്

By Web TeamFirst Published May 21, 2020, 3:17 AM IST
Highlights

ഷഷ്ടിപൂര്‍ത്തി പിറന്നാളിന് പക്ഷേ കേരളത്തിലില്ല മോഹന്‍ലാല്‍, ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുന്‍പേ ചെന്നൈയിലെ വീട്ടിലെത്തിയിരുന്ന അദ്ദേഹം പിറന്നാള്‍ ദിനത്തിലും അവിടെയാണ്.

നാല് പതിറ്റാണ്ടിന്‍റെ അഭിനയജീവിതം കടന്ന്, ജീവിതത്തിന്‍റെ അറുപത് സംവത്സരങ്ങള്‍ പിന്നിടുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ അറുപതാം പിറന്നാളാണ് ഇന്ന്. അപ്പോഴും മോഹന്‍ലാല്‍ മലയാളികളുടെ 'ലാലേട്ടനാ'യി തുടരുകയാണ്. പ്രായഭേദമന്യെ പ്രിയപ്പെട്ടവര്‍ അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. തീര്‍ച്ഛയായും തിരശ്ശീലയില്‍ പകര്‍ന്നാടിയ അനേകം കഥാപാത്രങ്ങള്‍ക്ക് ഉയിരേകി അദ്ദേഹം നേടിയെടുത്തതാണ് ചോര്‍ന്നുപോകാത്ത ആ ഇഷ്ടം. ഷഷ്ടിപൂര്‍ത്തി പിറന്നാളിന് പക്ഷേ കേരളത്തിലില്ല മോഹന്‍ലാല്‍, ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുന്‍പേ ചെന്നൈയിലെ വീട്ടിലെത്തിയിരുന്ന അദ്ദേഹം പിറന്നാള്‍ ദിനത്തിലും അവിടെയാണ്.

സിനിമ കാണുന്ന ഓരോ മലയാളിക്കുമുണ്ടാവും മോഹന്‍ലാല്‍ കഥാപാത്രങ്ങളിലൂടെ വളര്‍ന്ന് ഉരുവപ്പെട്ട ഒരു ആസ്വാദകന്‍. ഓര്‍ത്തെടുക്കാന്‍ എത്രയെത്ര? തൂക്കുമരത്തിന്‍റെ നിഴലിനുകീഴെ ദയ കാത്തു കഴിഞ്ഞ സത്യനാഥന്‍ (സദയം), പൊലീസുകാരനാകണമെന്ന അച്ഛന്‍റെ മോഹം സാധിക്കാനാവാതെ, ഒരു തെരുവ് ഗുണ്ടയുടെ മുള്‍ക്കിരീടം അണിയേണ്ടിവന്ന സേതുമാധവന്‍ (കിരീടം), സ്വന്തം ജ്യേഷ്‍ഠന്‍റെ വിയോഗത്തിന് കാരണക്കാരനാകേണ്ടിവന്നതില്‍ ഉള്ളു പൊള്ളിപ്പോയ ഗോപിനാഥന്‍ (ഭരതം), വിവാഹം കഴിക്കാതെ സ്വന്തം കുഞ്ഞിനെ താലോലിക്കാന്‍ ആഗ്രഹിച്ച കുസൃതിക്കാരനായ രാജീവ് മേനോന്‍ (ദശരഥം), പരക്കംപാച്ചിലിനിടയിലും ജീവിതത്തെ നോക്കി പുഞ്ചിരി തൂകിയ ജോജി (കിലുക്കം).. അങ്ങനെ അങ്ങനെ..

കഴിഞ്ഞ മൂന്ന് തലമുറയില്‍പ്പെട്ട മലയാളത്തിലെ പ്രധാനപ്പെട്ട സംവിധായകരില്‍ മിക്കവരും മോഹന്‍ലാലിലെ അഭിനയപ്രതിഭയെ ഉപയോഗിച്ചവരാണ്. ഭരതനില്‍ നിന്നും പത്മരാജനില്‍ നിന്നും ഐ വി ശശിയിലേക്കും ഭദ്രനിലേക്കും പ്രിയദര്‍ശനിലേക്കും സിബി മലയിലിലേക്കും ബ്ലെസിയിലേക്കുമൊക്കെ മോഹന്‍ലാല്‍ സ്വച്ഛന്ദം ഒഴുകി. പല വൈകാരിക രംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ഭാവം പകര്‍ന്നപ്പോള്‍ തങ്ങള്‍ കട്ട് പറയാന്‍ മറന്നുപോയിരുന്നെന്ന് അവരില്‍ പലരും പില്‍ക്കാല അഭിമുഖങ്ങളില്‍ പറഞ്ഞു.

ഒരു വ്യവസായം എന്ന നിലയില്‍ മലയാളം നിലവിലുള്ള മേല്‍വിലാസത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതിലും മോഹന്‍ലാല്‍ എന്ന താരത്തിന് കാര്യമായ പങ്കുണ്ട്. പ്രദര്‍ശനദിനങ്ങളുടെ എണ്ണത്തില്‍ നിന്ന് സിനിമകളുടെ വിജയം കണക്കാക്കിയിരുന്ന കാലത്തുനിന്ന് കോടി ക്ലബ്ബുകളുടെ പേരില്‍ മെഗാ ഹിറ്റുകള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചപ്പോഴും മോഹന്‍ലാല്‍ അവയ്ക്കൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേരായി. സമീപകാലചരിത്രത്തില്‍ ദൃശ്യവും പുലിമുരുകനും ലൂസിഫറുമൊക്കെ ആഗോള മാര്‍ക്കറ്റിലേക്കുള്ള മലയാളസിനിമയുടെ വിനീതമായ ചുവടുവെപ്പുകളായി.

കേരളത്തിലുള്ള സുഹൃത്തുക്കള്‍ അദ്ദേഹത്തെ നേരില്‍ കാണാനുള്ള കാത്തിരിപ്പിലായിരിക്കാമെങ്കില്‍ പ്രേക്ഷകരുടെ കാത്തിരിപ്പ് മോഹന്‍ലാലിന്‍റെ മരക്കാര്‍ക്കായി ആണ്. സ്ക്രീനിലേക്കുള്ള മോഹന്‍ലാലിന്‍റെ അടുത്ത വരവ് കുഞ്ഞാലി മരക്കാരായാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാറുടെ റിലീസും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവച്ചിരിക്കുകയാണ്. 

click me!