
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹെയ്ൽ മേരി’. വ്യാഴാഴ്ച റിലീസായ ചിത്രം ആദ്യ ദിനം മുതൽ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ആദ്യ ദിനത്തേക്കാൾ ഇരട്ടിയിലധികം ടിക്കറ്റ് വിൽപ്പനയാണ് രണ്ടാം ദിനം രേഖപ്പെടുത്തിയത്. മൂന്നാം ദിനത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 69,000 ല്‍ അധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു. പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം ഇന്നലെ മാത്രം 130 അധിക ഷോകളാണ് ചിത്രത്തിനായി കൂട്ടിച്ചേർത്തത്. പ്രേക്ഷകരുടെ വൻ സ്വീകാര്യതയെ തുടർന്ന് ഞായറാഴ്ച രാവിലെ 6.15 മുതൽ ചില തിയറ്ററുകളിൽ പ്രത്യേക ഷോകളും ചാർട്ട് ചെയ്തിട്ടുണ്ട്.
പ്രായഭേദമന്യേ കുടുംബപ്രേക്ഷകർ ഒന്നടങ്കം ‘ഹെയ്ൽ മേരി’യെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള തിയറ്ററുകളിൽ പ്രകടമാകുന്നത്. പുലർച്ചെ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ കെട്ടുറപ്പുള്ള കഥയും ഓരോ അഭിനേതാവിന്റെയും മികച്ച പ്രകടനവും സാങ്കേതികമായി മികവ് പുലർത്തിയ അണിയറപ്രവർത്തകരുമാണ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ‘ഹെയ്ൽ മേരി’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ‘ഹെയ്ൽ മേരി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ നിരവധി വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാതാക്കളാണ്. മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫി കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ സിദ്ധാർത്ഥ് എസ്, രാജീവ് സേതുലാൽ ബി, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് പ്രോമിസ്, സ്റ്റിൽസ് സാബി ഹംസ, വിഷ്വൽ പ്രൊമോഷൻ സ്നേക്ക് പ്ലാന്റ്, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ പ്രതീഷ് ശേഖർ, ഹെയ്ൻസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ