ബധിരർ സംസാരിക്കുന്നു; മൗനാക്ഷരങ്ങള്‍ വെള്ളിത്തിരയിലേക്ക്

By Web TeamFirst Published Oct 17, 2019, 11:20 PM IST
Highlights

ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് രമേശ് മാവൂരാണ്

കോഴിക്കോട്: ബധിരർ സംസാരിക്കുമോ. ഇല്ല എന്നായിരിക്കും എല്ലാവർക്കും മറുപടി എന്നാൽ ഒരു സിനിമയിലൂടെ അവർ സംസാരിക്കുന്നുയ. ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഇരുന്നൂറിൽ പരം ബധിര കലാകാരന്‍മാർ മാത്രം അഭിനേതാക്കളാകുന്ന "മൗനാക്ഷരങ്ങള്‍' എന്ന ശബ്ദസിനിമ വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലെത്തും.

ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് രമേശ് മാവൂരാണ്. വിദ്യാർഥികളടക്കമുള്ള 200ല്‍പരം ബധിരരാണ് തങ്ങളുടെ സര്‍ഗശേഷി സിനിമയിലൂടെ പുറത്തെടുത്തിരിക്കുന്നത്. രമിത വടകര, ശ്രീലക്ഷ്മി, ആഷിഫ് കോട്ടയം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. അഭിനേതാക്കളെല്ലാം ബധിരരാണെങ്കിലും ഇവർ‌ സിനിമയിൽ സംസാരിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിശബ്ദ സഹോദരങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യത്യസ്തമായ കഥയിലൂടെ പ്രചോദനാത്മകമായ  സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ കുടുംബചിത്രത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഭിന്നശേഷിയുള്ളവരുടെ ആത്മവിശ്വാസം വളര്‍ത്തി ജീവിതത്തിനു മുന്നില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ ഈ ചിത്രം പ്രേരണയാകുമെന്നാണ് പ്രതീക്ഷ. ബധിരര്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ തന്നെ ആദ്യ ചലചിത്രമാണിതെന്നും അണിയറപ്രവർത്തകർ അവകാശപ്പെട്ടു.

വടക്കുംനാഥന്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ താമരശേരി റീജ്യണല്‍ ഡെഫ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് രണ്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിന്‍റെ ഫലമായാണ് ചലചിത്രം യാഥാർ‌ത്ഥ്യമാക്കുന്നത്. നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കിയായ വിദ്യാർഥിനിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം മാതാവ് നടത്തുന്ന ശ്രമങ്ങളെ സമൂഹത്തില്‍ ചിലര്‍ നടത്തുന്ന അപവാദ പ്രചരണത്തെ വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് ഒരു സാധാരണ വീട്ടമ്മ ജീവിതത്തില്‍ അനുഭവിക്കുന്ന ദുരനുഭവങ്ങളെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് മൗനാക്ഷരങ്ങളിൽ.

സിനിമ ചിത്രീകരണത്തില്‍ ബധിര പ്രതിഭകളെ കണ്ടെത്തി സിനിമക്ക് അതത് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ അഭിനേതാക്കളെ കണ്ടത്തി വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയെന്നുള്ളത് ഏറെ ശ്രമകരമായിരുന്നെന്ന് അണിയറപ്രവർത്തകർ വ്ക്തമാക്കി. കഥാപാത്രങ്ങളുടെ അധരചലനവും സംഭാഷണവും ശരീരഭാഷയും സമന്വയിപ്പിക്കുകയെന്നതും വെല്ലുവിളിയായിരുന്നു. ഭിന്നശേഷിമേഖലയില്‍ പ്രത്യേകപരിശീലനം നേടിയ വിദഗ്ധരുടെ സേവനം ഇതിനായി മാസങ്ങളോളം ഉപയോഗപ്പെടുത്തേണ്ടി വന്നു. കഥാപാത്രത്തിന്‍റെ കൃത്യമായ രൂപവും ഭാവവും അഭിനേതാവില്‍ സന്നിവേശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകർ പരിശ്രമിക്കേണ്ടി വന്നു.  

പ്രേംദാസ് ഗുരുവായൂര്‍,രാജി രമേശ്,ഫസല്‍ കൊടുവള്ളി, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി,സിബി പടിയറ എന്നിവര്‍ രചിച്ച നാല് ഗാനങ്ങളും ഒരു കവിതയും ഈ ചിത്രത്തിലുണ്ട്. ബിജു നാരായണന്‍, ശ്രേയ ജയദീപ്, ഗൗരി ലക്ഷ്മി, സിന്ധു പ്രേംകുമാര്‍, ജ്യോതി കൃഷ്ണ എന്നിവരാണ് ഗായകര്‍. ക്യാമറ:രാജീവ് കൗതുകം, അസോസിയേറ്റ് ഡയറക്റ്റര്‍: ഭിന്നശേഷിക്കാരനായ ബവീഷ്ബാല്‍ താമരശേരി, എഡിറ്റിങ്: ലിന്‍സണ്‍ റാഫേല്‍, സംഗീതം: സലാം വീരോളി ,കോ-ഓര്‍ഡിനേഷന്‍ & പി.ആര്‍.ഒ: വി.പി. ഉസ്മാന്‍, ഉസ്മാന്‍. പി.ചെന്പ്ര എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

 

click me!