പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് 'അമ്മ'; സന്തോഷമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

By Web TeamFirst Published Jul 15, 2020, 2:55 PM IST
Highlights

കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനായി അമ്മ സംഘടനയുടെ യോഗം കഴിഞ്ഞയാഴ്ച കൊച്ചിയിൽ ചേർന്നു.

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം ഉടൻ അറിയിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. അമ്മയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം.

കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാനായി അമ്മ സംഘടനയുടെ യോഗം കഴിഞ്ഞയാഴ്ച കൊച്ചിയിൽ ചേർന്നു. ഈ യോഗത്തിലെ തീരുമാനങ്ങൾ അംഗങ്ങളെ അറിയിക്കാൻ  അയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കാൻ സംഘടന തയ്യാറാണെന്ന്  സംഘടന വ്യക്തമാക്കുന്നത്. 

നിർമ്മാതാക്കൾ മുന്നോട്ടുവെച്ച സാമ്പത്തിക പ്രതിസന്ധിയെന്ന വിഷയം ഗൗരവത്തോടെ എടുക്കണമെന്ന് കത്തിൽ പറയുന്നു. വലിയ നഷ്ടം നിർമ്മാതാക്കൾക്കുണ്ടായി. ഈ സാഹചര്യത്തിൽ പ്രതിഫലം കുറക്കാൻ എല്ലാവരും സഹകരിക്കണമെന്നും കത്തിൽ അമ്മ നേതൃത്വം പറയുന്നു. എന്നാൽ എത്ര ശതമാനം കുറയ്ക്കണമെന്ന നിർദ്ദേശം കത്തിലില്ല. പകരം സിനിമ ചിത്രീകരണത്തിന് മുന്നോടിയായി നിർമ്മാതാക്കളും താരങ്ങളും ധാരണയിൽ എത്തട്ടെ എന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.

നിലവിലുള്ള സിനിമകൾ പൂർത്തിയാക്കാതെ പുതിയത് തുടങ്ങുന്ന കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണെന്നും തങ്ങൾക്ക് അതിൽ റോൾ ഇല്ലെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രതിഫല വിഷയത്തിൽ 
താരസംഘടനയുടെ തീരുമാനം മലയാള സിനിമയുടെ തിരിച്ചുവരവിന് സഹായമാകുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ പ്രതികരണം.

click me!