സൂപ്പര്‍സ്റ്റാര്‍ ആ തിരക്കഥ; 'ഓകെ' പറയാന്‍ കാത്തുനിന്നത് ആറ് പതിറ്റാണ്ടിലെ താരനിര

Published : Dec 25, 2024, 11:26 PM ISTUpdated : Dec 25, 2024, 11:32 PM IST
സൂപ്പര്‍സ്റ്റാര്‍ ആ തിരക്കഥ; 'ഓകെ' പറയാന്‍ കാത്തുനിന്നത് ആറ് പതിറ്റാണ്ടിലെ താരനിര

Synopsis

മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍

ചില സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് താരങ്ങള്‍ പലരെക്കുറിച്ചും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒരു തിരക്കഥാകൃത്തിന്‍റെ രചനയില്‍ കഥാപാത്രമാവാന്‍ അവസരം ലഭിച്ചിരുന്നെങ്കിലെന്ന് ഒരു ഇന്‍ഡസ്ട്രിയെക്കൊണ്ട് മുഴുവന്‍ ആഗ്രഹിപ്പിച്ച എം ടിയെപ്പോലെ അപൂര്‍വ്വം ആളുകളേ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളൂ. ചരിത്രവും പഴങ്കഥകളും ഒപ്പം പ്രണയവും പകയും അസൂയയും അടങ്ങുന്ന മാനുഷികമായ വികാരങ്ങളൊക്കെയും ഒരു പ്രത്യേക അനുപാതത്തില്‍  ആ തിരക്കഥകളില്‍ വിളക്കി ചേര്‍ക്കപ്പെട്ടു. അവയില്‍ ഒരിക്കലെങ്കിലും ഒരു കഥാപാത്രമാവാന്‍ ആഗ്രഹിക്കാത്ത അഭിനേതാക്കള്‍ ഉണ്ടായില്ല.

ഒറ്റപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും തെറ്റിദ്ധരിക്കപ്പെട്ടവരുമായ കഥാപാത്രങ്ങള്‍ എമ്പാടുമുണ്ടായിരുന്നു ആ തിരക്കഥകളില്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട രചയിതാവിന് അത്തരം കഥകള്‍ തിരശ്ശീലയിലും അവതരിപ്പിക്കാതെ കടന്നുപോവാന്‍ ആവില്ലായിരുന്നു. ഇരുട്ടിന്‍റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും പരിണയത്തിലെ ഉണ്ണിമായ അന്തര്‍ജനവും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും അടക്കമുള്ളവര്‍ ഏറിയോ കുറഞ്ഞോ ഈ വിഭാഗത്തില്‍ പെടുന്നവരാണ്. 

ഒരു അഭിനേതാവിന് അതുവരെയുള്ള സിനിമകളില്‍ നിന്ന് ചാര്‍ത്തപ്പെട്ട പ്രതിച്ഛായയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവയായിരുന്നു എംടിയുടെ കഥാപാത്രങ്ങള്‍. ഇരുട്ടിന്‍റെ ആത്മാവില്‍ അഭിനയിക്കുംവരെ അത്തരമൊരു പ്രകടന മികവില്‍ പ്രേം നസീറിനെ സങ്കല്‍പ്പിക്കാന്‍ സിനിമാലോകത്തിനോ പ്രേക്ഷകര്‍ക്കോ സാധിക്കില്ലായിരുന്നു. അതിനാല്‍ത്തന്നെ അത്രയും അനന്യമായ ആ കഥാപാത്രങ്ങള്‍ക്കായി ആറ് പതിറ്റാണ്ടുകാലം അഭിനേതാക്കള്‍ കാത്തിരുന്നു. പ്രേംനസീര്‍, സത്യന്‍, മധു, കമല്‍ ഹാസന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ ആ ചിത്രങ്ങളിലെ നായകനിര നീണ്ടു. കേവലം നായകന്മാര്‍ ആയിരുന്നില്ല എംടിയുടെ തിരക്കഥകളില്‍ അവരവതരിപ്പിച്ച കഥാപാത്രങ്ങളൊന്നും എന്നതാണ് പ്രത്യേകത.

നിര്‍മാല്യത്തില്‍ പി ജെ ആന്‍റണി അവതരിപ്പിച്ച വെളിച്ചപ്പാടിനെയും വൈശാലിയിലെ ഋഷ്യശൃംഗനെയും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും താഴ്വാരത്തിലെ ബാലനെയും പരിണയത്തിലെ ഉണ്ണിമായയെയും സുകൃതത്തിലെ രവിശങ്കറിനെയും മലയാളി ഒരിക്കലും മറക്കില്ല. മലയാളിയുടെ സാമൂഹികവും വൈകാരികവും വൈയക്തികവുമായ ജീവിതം അടയാളപ്പെടുത്തിക്കൊണ്ട് അവര്‍ കാലങ്ങള്‍ കടന്നും ഇവിടെത്തന്നെ ഉണ്ടാവും.

ALSO READ : സിനിമയിലെ പൊന്‍വിലയുള്ള പേന; കാലത്തിന് മായ്ക്കാനാവാത്ത ആ എംടിയന്‍ ഫ്രെയ്‍മുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ