'അണ്‍ലോക്ക് 3'ല്‍ തീയേറ്ററുകളെ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി അറിയിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍

By Web TeamFirst Published Jul 30, 2020, 8:03 PM IST
Highlights

സിനിമാ തീയേറ്ററുകള്‍ക്കൊപ്പം മെട്രോ റെയില്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കണമെന്നാണ് നിര്‍ദേശം. 

ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്ന അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടത്തില്‍ (അണ്‍ലോക്ക് 3.0) സിനിമാതീയേറ്ററുകളെ പരിഗണിക്കാതിരുന്നതില്‍ അതൃപ്തി അറിയിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് സുരക്ഷിതമായ കാഴ്ചയൊരുക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകളെല്ലാം മള്‍ട്ടിപ്ലെക്സുകളില്‍ തങ്ങള്‍ ഒരുക്കിയിരുന്നുവെന്നും സിനിമാമേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ കുടുംബങ്ങളെ അങ്ങേയറ്റം ബാധിക്കുന്നതാണ് തുടരുന്ന അടച്ചിടലെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്കു കീഴിലുള്ള സംഘടനയാണ് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

"സിനിമാ തീയേറ്ററുകള്‍ തുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. തീയേറ്റര്‍ തുറന്നാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതലുകളുടെ മാതൃകകള്‍ വാര്‍ത്താവിതരണ, ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് നേരത്തേ സമര്‍പ്പിച്ചിരുന്നു. പ്രേക്ഷകരെ മുന്നില്‍ കണ്ട് അന്തര്‍ദേശീയ സുരക്ഷാ മാനദണ്ഡങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ അഭ്യര്‍ഥന പരിഗണിക്കപ്പെടുമെന്നുതന്നെ വിശ്വസിക്കുന്നു", അസോസിയേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Reaction to Unlock 3.0 Notification issued by Ministry of Home Affairs pic.twitter.com/gRqBpTJ9xU

— Multiplex Association Of India (@MAofIndia)

ഓഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കപ്പെടുന്ന അണ്‍ലോക്ക് 3 പ്രകാരം യോഗാ ഇന്‍സ്റ്റിറ്റ‍്യൂട്ടുകള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 5 മുതലാണ് ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവുക. സിനിമാ തീയേറ്ററുകള്‍ക്കൊപ്പം മെട്രോ റെയില്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കണമെന്നാണ് നിര്‍ദേശം. 

click me!