'കാക്കിയിട്ടവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന പിന്തുണ'; രോഹിത് ഷെട്ടിക്ക് നന്ദി അറിയിച്ച് മുംബൈ പൊലീസ്

By Web TeamFirst Published Jul 11, 2020, 4:27 PM IST
Highlights

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് തന്‍റെ ഹോട്ടലുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഏപ്രില്‍ അവസാനം മുതല്‍ നല്‍കുന്നുണ്ട് രോഹിത് ഷെട്ടി. 

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളില്‍ നല്‍കിവരുന്ന സൗകര്യങ്ങള്‍ക്ക് ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയ്ക്ക് നന്ദി അറിയിച്ച് മുംബൈ പൊലീസ്. മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് ആണ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഹിത് ഷെട്ടിക്ക് നന്ദി പറയുന്നത്. 

"കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കാക്കിയിലുള്ള സ്ത്രീപുരുഷന്മാര്‍ക്ക് അവസാനിക്കാത്ത പിന്തുണ നല്‍കി വരുന്ന രോഹിത് ഷെട്ടിക്ക് നന്ദി. മുംബൈയിലെ തെരുവുകളില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് 11 ഹോട്ടലുകളിലാണ് അദ്ദേഹം സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്", പൊലീസ് കമ്മീഷണര്‍ ട്വിറ്ററില്‍ കുറിച്ചു.

We thank Mr , who has been a source of continued support for the men and women in Khaki ever since the onset of the pandemic.

Mr. Shetty has facilitated 11 hotels with unlimited occupancy for our on-duty personnel on the streets of Mumbai

— CP Mumbai Police (@CPMumbaiPolice)

കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് തന്‍റെ ഹോട്ടലുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഏപ്രില്‍ അവസാനം മുതല്‍ നല്‍കുന്നുണ്ട് രോഹിത് ഷെട്ടി. വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യത്തിനൊപ്പം ഈ ഹോട്ടലുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഭാത ഭക്ഷണവും അത്താഴവും കഴിക്കാം. നേരത്തെ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാനുള്ള ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് രോഹിത്ത് ഷെട്ടി 51 ലക്ഷം രൂപ നല്‍കിയിരുന്നു. ബോളിവുഡില്‍ നിന്ന് നിരവധി പേര്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു. നടന്‍ സോനു സൂദും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ താമസത്തിനായി വിട്ടുനല്‍കിയിരുന്നു. ഷാരൂഖ് ഖാന്‍ തന്‍റെ നാല് നിലയുള്ള ഓഫീസ് കെട്ടിടം കൊവിഡ് 19 രോഗികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കുന്നതിനായി നല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു.

click me!