
അഭിനയിച്ച സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി ഗൗരി കിഷന് നേരെ ബോഡി ഷെയ്മിംഗ് പരാമര്‍ശം ഉണ്ടായതില്‍ പ്രതികരണവുമായി തമിഴിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം. താന്‍ നായികയായ അദേഴ്സ് എന്ന തമിഴ് ചിത്രത്തിന്‍റെ പ്രചരണാര്‍ഥം ചിത്രത്തിന്‍റെ സംവിധായകനും നായകനുമൊപ്പം ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗൗരിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടിവന്നത്. വിഷയത്തില്‍ അവിടെവച്ചുതന്നെ ശക്തമായ പ്രതിഷേധം അറിയിച്ച ഗൗരിയുടെ വാക്കുകള്‍ സമഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് നടികര്‍ സംഘം രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്‍റ് നാസര്‍ ആണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സിനിമാ, മാധ്യമ മേഖലകള്‍ വേര്‍പിരിക്കാനാവാത്ത ബന്ധുക്കളാണെന്നും നല്ല സിനിമകള്‍ക്കും കലാകാരന്മാര്‍ക്കും പൊതുമധ്യത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും നാസര്‍ കുറിച്ചു. എന്നാല്‍ തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സംസ്കാരത്തോടെ അവതരിപ്പിക്കാന്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും. എന്നാല്‍ ഇതിന് നേര്‍ വിപരീതമായ കാര്യമാണ് ഇന്നലെ സംഭവിച്ചത്. അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ് അത്. 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സിനിമയില്‍ നടിമാരായി മാത്രമായിരുന്നില്ല സ്ത്രീകളുടെ സാന്നിധ്യം. മറിച്ച് സംവിധാനം, നിര്‍മ്മാണം, ഛായാഗ്രഹണം എന്നീ മേഖലകളിലെല്ലാം അവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നും ഒരു സ്ത്രീക്ക് സിനിമാ മേഖലയിലേക്ക് കടന്നുവരാനും അവിടെ മുന്നോട്ട് പോകാനും പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ മുന്നേറുന്ന സ്ത്രീകളുടെ അന്തസ്സിനെ സംരക്ഷിക്കുക നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്, നടികര്‍ സംഘം പ്രസിഡന്‍റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇന്നലെ ആ മോശം ചോദ്യം ഉയര്‍ത്തിയ അതേ ആള്‍ പത്ത് വര്‍ഷം മുന്‍പ് മറ്റൊരു നടിക്കെതിരെയും മോശം ചോദ്യം ചോദിച്ചിട്ടുണ്ട്. മുഴുവന്‍ ചലച്ചിത്ര മേഖലയെയും അപമാനിക്കുന്ന കാര്യമാണ് ഇത്. ആര്‍ക്കും ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഒരു മാധ്യമപ്രവര്‍ത്തകന്‍റെ മേല്‍വിലാസത്തില്‍ ഇത്തരം പരിപാടികള്‍ക്ക് എത്താന്‍ കഴിയുന്ന കാലമാണ് ഇത്. ഇത് മുന്നില്‍ക്കണ്ട് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കണം. ഗൗരി ജി കിഷന് നേര്‍ക്കുണ്ടായ പരാമര്‍ശത്തില്‍ നടികര്‍ സംഘം ശക്തമായി പ്രതിഷേധിക്കുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, നാസറിന്‍റെ കുറിപ്പില്‍ പറയുന്നു.
സിനിമയില്‍ നായികയെ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു അവരുടെ ഭാരമെന്ന് വ്ലോഗര്‍ ചിരിയോടെ നായകനോട് ചോദിക്കുകയായിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തമാണെന്നും ബോഡി ഷെയ്മിംഗ് ആണെന്നും പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു സംവിധായകൻ ശ്രമിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ഗൗരിക്ക് ലഭിച്ചത്. ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ ഗൗരിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ