
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട മലയാള സിനിമയുടെ 2025 ലെ ലാഭനഷ്ട കണക്കുകളില്‍ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. അനുരാജ് സംവിധാനം ചെയ്ത നരിവേട്ട ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമയാണ്. അസോസിയേഷന്‍റെ വിജയചിത്രങ്ങളുടെ പട്ടികയില്‍ നരിവേട്ട ഉള്‍പ്പെടുത്തിയിട്ടില്ല. നരിവേട്ട വിജയകരമാണെന്ന് പറയുന്ന അനുരാജ് കടുത്ത ഭാഷയില്‍ അസോസിയേഷനെ വിമര്‍ശിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അനുരാജ് മനോഹറിന്‍റെ പ്രതികരണം.
അനുരാജ് മനോഹറിന്‍റെ പോസ്റ്റ്
ഞാൻ സംവിധാനം ചെയ്ത് ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസർമാരെയെല്ലാം സമീപിച്ച, അവർ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ പ്രൊഡ്യൂസർമാരെ തേടിയുള്ള അലച്ചിൽ സ്വാഭാവികമാണെന്നുള്ള ബോധ്യത്തിൽ ആ സിനിമയോടുള്ള ഇഷ്ടത്തിൽ നടന്ന തേടലിൽ ആണ് ഇന്ത്യൻ സിനിമ കമ്പനി സിനിമ ചെയ്യാൻ തയ്യാറാവുന്നത്. അവരുടെ ആദ്യ നിർമ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങൾക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ്. ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്.
ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദർഭത്തില്‍ ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.
Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ