National film awards 2022 : ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട്; ദേശീയ അവാർഡിനോട് പ്രതികരിച്ച് ബിജു മേനോൻ

By Web TeamFirst Published Jul 22, 2022, 5:20 PM IST
Highlights

68th National Film Awards 2022: ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്കാരവുമെന്നും ബിജു മേനോൻ

കൊച്ചി: മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച് നടൻ ബിജു മേനോൻ. ഈ അവസരത്തിൽ തനിക്ക് ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരം സച്ചിക്കും തന്റെ അച്ഛനും അമ്മയ്ക്കുമായി സമർപ്പിക്കുന്നുവെന്നും ബിജു മേനോൻ പ്രതികരിച്ചു.

'രണ്ട് വർഷം മുൻപ് കഴിഞ്ഞൊരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ്. ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടാണ്. ഇത്രയും നല്ല കഥാപാത്രം, നല്ലൊരു സിനിമ തന്നതിന് സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു. മുന്നോട്ട് പോകുന്നതിനുള്ള പ്രചോദനമാണ് ഓരോ പുരസ്കാരവും. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിന് പുരസ്കാരങ്ങൾ പ്രചോദനമാണ്.'

'ഈ സിനിമയുടെ തുടക്കം മുതൽ ഞാനുണ്ടായിരുന്നു. ഈ സന്തോഷം കാണാൻ സച്ചിയില്ലെന്നതാണ് വിഷമം. ഒരുപാട് സിനിമകൾ മത്സരത്തിലുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. അവർക്ക് ഒരുപാട് ബുദ്ധിമുട്ട് നേരിട്ടുണ്ടായിരുന്നു അവാർഡ് പ്രഖ്യാപിക്കാൻ എന്നാണ് അറിഞ്ഞത്. സിനിമകൾ നല്ലത് നോക്കി തന്നെയാണ് ചെയ്യുന്നത്. നല്ല നിലയിൽ മുന്നോട്ട് പോകാൻ പറ്റുന്നുണ്ട്. മലയാള സിനിമ നല്ല രീതിയിൽ വളർന്നു പോകുന്നുണ്ട്. മറ്റ് ഭാഷക്കാരെല്ലാം മലയാള സിനിമ കൂടുതലായി കാണുന്നുണ്ട്.' നല്ല കാര്യമാണെന്നും ബിജു മേനോൻ പറഞ്ഞു.

68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു (68th National Film Awards 2022). സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് നാല് അവര്‍ഡുകളാണ് ലഭിച്ചത്. മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി. 

മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് 'സൂരറൈ പോട്രി'ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. മികച്ച മലയാള സിനിമ 'തിങ്കളാഴ്‍ച നിശ്ചയം' ആണ്. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

'ശബ്‍ദിക്കുന്ന കലപ്പ'യുടെ ഛായാഗ്രാഹണത്തിന്  നിഖില്‍ എസ് പ്രവീണിനും പുരസ്‍കാരം ലഭിച്ചു. അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.

click me!