
തിരുമല തിരുപ്പതി ദേവസ്ഥാനത്ത് (Tirumala Tirupati Devasthanam) ദര്‍ശനം നടത്തി നയന്‍താരയും (Nayanthara) വിഘ്‍നേഷ് ശിവനും (Vignesh Shivan). ഇതാദ്യമായല്ല ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തെത്തിയ ഇരുവരും ഫോട്ടോഗ്രാഫര്‍മാരുടെ അഭ്യര്‍ഥനപ്രകാരം അല്‍പനേരത്തേക്ക് മാസ്‍ക് മാറ്റി. ക്ഷേത്രസന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഈയിടെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം ഒരു ചെറിയ ചടങ്ങായാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു, അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുമെന്നും. വിഘ്നേഷുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ചും പ്രസ്‍തുത അഭിമുഖത്തില്‍ നയന്‍താര വാചാലയായിരുന്നു. വിഘ്നേഷിനെ പരിചയപ്പെട്ടതിനു ശേഷം ജോലിയില്‍ തനിക്കുള്ള ആവേശം ഇരട്ടിച്ചെന്ന് നയന്‍താര പറഞ്ഞു. "ഏറെ ആഗ്രഹിക്കാനാണ് വിഘ്നേഷ് പ്രചോദിപ്പിക്കാറ്. സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമാണ്. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അവിടെനിന്ന് അനുമതി ചോദിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അദ്ദേഹത്തോട് ഞാന്‍ എല്ലാ കാര്യങ്ങളും പറയാറുണ്ട്", നയന്‍താര പറഞ്ഞു.
വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം നയന്‍താരയ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതുവാകുള രണ്ട് കാതലാ'ണ് വിഘ്നേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. നയന്‍താരയുടെയും വിഘ്നേഷിന്‍റെയും ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രജനീകാന്തിന്‍റെ അണ്ണാത്തെ, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം എന്നിവയാണ് നയന്‍താരയുടെ വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ