അടൂരിനെതിരായ പ്രതിഷേധം തെറ്റിദ്ധാരണ മൂലം: നെടുമുടി വേണു

By Web TeamFirst Published Aug 3, 2019, 7:37 PM IST
Highlights

വിമര്‍ശനങ്ങളോട് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അസഹിഷ്ണുതയാണെന്നും എന്നാല്‍ ദേശീയ അവാര്‍ഡ് വേണ്ടെന്നുവെക്കണമെന്ന അടൂരിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും നെടുമുടി
 

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരായ പ്രതിഷേധം തെറ്റിദ്ധാരണ മൂലം ഉണ്ടാവുന്നതാണെന്ന് നെടുമുടി വേണു. രാമന്റെ മന്ത്രം ജപിച്ചുകൊണ്ട് ആള്‍ക്കൂട്ട കൊല നടത്തുന്ന സംഭവങ്ങള്‍ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധമെന്നും അല്ലാതെ 'ജയ് ശ്രീറാം' എന്ന് വിളിക്കുന്നതിന് എതിര് പറയുകയായിരുന്നില്ല അടൂരെന്നും നെടുമുടി വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിക്കുകയായിരുന്നു. ആള്‍ക്കൂട്ട കൊലപാതകം നമ്മള്‍ എന്തായാലും പ്രതിഷേധിക്കേണ്ട വിഷയമാണ്. പക്ഷേ രാമന്റെ പേരില്‍ മന്ത്രം ജപിച്ചുകൊണ്ട് വേണോ ഇത് ചെയ്യാന്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു. അല്ലാതെ ഹേ റാം എന്ന് വിളിക്കുന്നതിനൊന്നും അദ്ദേഹം എതിര് പറഞ്ഞിട്ടില്ല. അവനവന്റെ മനസാക്ഷിയെ നുള്ളിനോവിക്കുമ്പോഴാണ് പലപ്പോഴും നമ്മള്‍ പ്രതികരിക്കുന്നത്', നെടുമുടി വേണു പറഞ്ഞു.

വിമര്‍ശനങ്ങളോട് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അസഹിഷ്ണുതയാണെന്നും എന്നാല്‍ ദേശീയ അവാര്‍ഡ് വേണ്ടെന്നുവെക്കണമെന്ന അടൂരിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും നെടുമുടി കൂട്ടിച്ചേര്‍ത്തു. ജൂറിയില്‍ വിശ്വാസമില്ലാത്തവര്‍ അവാര്‍ഡിന് സിനിമ അയക്കാതിരിക്കുകയാണ് വേണ്ടതെന്നും.

'ജയ് ശ്രീറാം' വിളികളോടെ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാന മന്ത്രിക്ക് കത്തയച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനെതിരേ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കാന്‍ സമയമായെന്ന് പിന്നീട് നടന്ന ഒരു പൊതുപരിപാടിയിലാണ് അടൂര്‍ അഭിപ്രായപ്പെട്ടത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നും ദേശീയ അവാര്‍ഡിന്റെ ആശയം കടപുഴക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

click me!