
അഭിനേതാക്കളുടെ ഡെഡിക്കേഷനും സിനിമയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഒരു സിനിമയ്ക്ക് വേണ്ടി, അതിലെ കഥാപാത്രം ആവശ്യപ്പെടുന്നത് എന്താണോ ആ രൂപത്തിൽ എത്താൻ വേണ്ടി ഏതറ്റം വരെയും പോകുന്ന അഭിനേതാക്കൾ നമുക്ക് മുന്നിലുണ്ട്. ആ രൂപമാറ്റത്തിനായി ഡയറ്റും വ്യായാമവും നടത്തുന്ന അഭിനേതാക്കളുടെ വീഡിയോകൾ നാം കണ്ടിട്ടുള്ളതാണ്. ഷൂട്ടിങ്ങിനിടയിൽ കൈയ്ക്കോ കാലിനോ പരിക്ക് പറ്റിയാൽ അത് കാര്യമാക്കാതെ ഷൂട്ടിങ്ങുമായി മുന്നോട്ട് പോകുന്ന താരങ്ങളും ഉണ്ട്. അത്തരത്തിലൊരു നടന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.
വീഡിയോയിലെ താരം നീരജ് മാധവ് ആണ്. ആർഡിഎക്സിന്റെ സിനിമാ ലൊക്കേഷനിലാണ് സംഭവം. ആർഡിഎക്സിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ രംഗമായിരുന്നു ക്ലൈമാക്സ്. പൊടിപാറിയ ഫൈറ്റ് കണ്ട് പ്രേക്ഷകർ ഒന്നടങ്കം കയ്യടിച്ചപ്പോൾ അതിന് പിന്നിലെ കഠിന പ്രയത്നം വളെരെ വലുതായിരുന്നു എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്.
ക്ലൈമാക്സ് ഷൂട്ടിനിടെ നീരജിന്റെ കാലിന് വലിയൊരു പരിക്ക് പറ്റുന്നത് വീഡിയോയിൽ കാണാം. ശേഷം നീര് വച്ച കാലും അദ്ദേഹത്തെ ഡോക്ടർ ശുശ്രൂഷിക്കുന്നതുമെല്ലാം വീഡിയോയിൽ ദൃശ്യമാണ്. സിനിമയിൽ നിന്നും പിന്മാറേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് താൻ കരുതിയതെന്ന് വീഡിയോ പങ്കുവച്ച് നീരജ് മാധവ് കുറിക്കുന്നു.
ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്ത് അങ്ങനെ തന്നെ നിൽക്കണം. പക്ഷേ ആക്ഷൻ രംഗത്തിനിടെ കാലിന് ‘ടക്കേ’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു. കാലിന് വലിയ പരിക്കാണ് പറ്റിയതെന്നും ചിത്രത്തിൽ നിന്നും മാറേണ്ടി വരുമെന്നും ചിന്തിച്ചുവെന്ന് നീരജ് പറയുന്നു.
"എന്നിൽ വിശ്വസം അർപ്പിച്ച ചുരുക്കം ചിലരോട് നന്ദി. എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി…അതെന്റെ അഭിലാഷങ്ങൾക്ക് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങള്‍ ആത്മാർത്ഥമായി ഒരു കാര്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് നേടിയെടുക്കാനായി ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, പക്ഷേ മറ്റുള്ളവ അങ്ങനെയല്ല. ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കും", എന്നാണ് ഇൻസ്റ്റയിൽ നീരജ് കുറിച്ചത്. ഒപ്പം തന്നെ ശുശ്രൂഷിച്ച ഡോക്ടർക്കും നീരജ് നന്ദി പറയുന്നുണ്ട്.
അതേസമയം, ഓണം റിലീസ് ആയെത്തി വൻ ഹിറ്റായി മാറിയ സിനിമ ആണ് ആർഡിഎക്സ്. റോബർട്ട്, റോണി, സേവ്യർ എന്നിവരുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. റോണി ആയി ആന്റണി വർഗീസും റോബർട്ട് ആയി ഷെയ്നും നിറഞ്ഞാടിയ ചിത്രത്തിൽ ഇവരുടെ സുഹൃത്തായ സേവ്യറുടെ വേഷത്തിൽ ആണ് നീരജ് എത്തിയത്. ചിത്രത്തിലെ നീരജിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലും ഇടംനേടി കഴിഞ്ഞു. ഒരു മാസത്തോളം നീണ്ട തിയറ്റർ റിലീസിന് പിന്നാലെ രണ്ട് ദിവസം മുൻ നെറ്റ്ഫ്ലിക്സിലും ആർഡിഎക്സ് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
ഒടിടിയിലും താരം 'ആർഡിഎക്സ്'; ബാബു ആന്റണിയ്ക്ക് കയ്യടി, 'ലിയോ' പ്രകടനം കാത്ത് ആരാധകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ