
ഈ വാരം തിയറ്ററുകളിലേക്ക് എത്തുന്നത് നാല് മലയാളം സിനിമകള്‍. ഭീമന്‍ രഘുവിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ചാണ, സുധീര്‍ കരമനയെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് കല്ലാറ്റ് സംവിധാനം ചെയ്യുന്ന പുലിയാട്ടം, ആര്യയെയും ആരുണ്‍ കുമാറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നിതിന്‍ തോമസ് കുരിശിങ്കല്‍ സംവിധാനം ചെയ്ത 90:00 മിനിറ്റ്സ്, ബോബന്‍ ആലുമ്മൂടനെ നായകനാക്കി കെ മെഹ്‍മൂദ് സംവിധാനം ചെയ്ത ലവ് റിവെഞ്ച് എന്നിവയാണ് ഈ വാരം തിയറ്ററുകളിലെത്തുന്ന മലയാള ചിത്രങ്ങള്‍. നാല് ചിത്രങ്ങളും ഇന്ന് തിയറ്ററുകളില്‍ എത്തി.
സംവിധാനത്തിനൊപ്പം ചാണ എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക.
അതേസമയം ജനപ്രിയചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. 2018ൽ പുറത്തിറങ്ങിയ പാപ്പാസ് എന്ന ചിത്രത്തിന്റെ തിരക്കഥ രചന സന്തോഷ് ആണ് നിർവഹിച്ചിരുന്നത്. സുധീർ കരമനയ്ക്കൊപ്പം മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര തുടങ്ങിയവരും അഭിനയിക്കുന്നു.
അതേസമയം കന്നഡത്തില്‍ നിന്ന് എത്തിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കബ്‍സ. ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ ചന്ദ്രു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ കേരളത്തിലും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
ALSO READ : 'മലൈക്കോട്ടൈ വാലിബനി'ലെ അടുത്ത കാസ്റ്റിംഗ്! മോഹന്‍ലാലിനൊപ്പം ഈ താരങ്ങളും