പ്രേക്ഷകരെ നഗ്നരായി അഭിസംബോധന ചെയ്ത് ഒന്‍പത് ഹോളിവുഡ് താരങ്ങള്‍; തള്ളിക്കളയേണ്ടതല്ല ഈ വീഡിയോ

By Web TeamFirst Published Oct 8, 2020, 7:30 PM IST
Highlights

പക്ഷേ 'ഞാന്‍ നഗ്നനാണ്/യാണ്' എന്ന് പറയുന്ന ആദ്യ സെക്കന്‍ഡുകള്‍ക്കപ്പുറം ഒരു ഗൗരവമുള്ള കാര്യം പങ്കുവെക്കാനാണ് അവര്‍ എത്തിയിരിക്കുന്നതെന്ന് വീഡിയോ കണ്ടവര്‍ക്കു മനസിലായി

തങ്ങളുടെ പ്രിയതാരങ്ങള്‍ നഗ്നരായി തങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ ടൈംലെനിലെത്തിയപ്പോള്‍ ഇതെന്തെന്ന് ചിന്തിച്ചുകാണും അമേരിക്കക്കാര്‍. പക്ഷേ 'ഞാന്‍ നഗ്നനാണ്/യാണ്' എന്ന് പറയുന്ന ആദ്യ സെക്കന്‍ഡുകള്‍ക്കപ്പുറം ഒരു ഗൗരവമുള്ള കാര്യം പങ്കുവെക്കാനാണ് അവര്‍ എത്തിയിരിക്കുന്നതെന്ന് വീഡിയോ കണ്ടവര്‍ക്കു മനസിലായി. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ 'നഗ്ന ബാലറ്റി'നെക്കുറിച്ച് (naked ballot) പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നത് ലക്ഷ്യമാക്കിയാണ് ഒരു സന്നദ്ധ സംഘടനയ്ക്കുവേണ്ടി താരങ്ങള്‍ ടോപ്പ്ലെസ് ആയി പ്രത്യക്ഷപ്പെട്ടത്.

തപാല്‍ വോട്ടുകള്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കുവേണ്ടിയാണ് 'നേക്കഡ് ബാലറ്റ്സ്' എന്ന സംഘടന വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. തപാല്‍ വോട്ടിനായി ലഭിക്കുന്ന ബാലറ്റിനൊപ്പമുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും അല്ലാത്തപക്ഷം നിങ്ങളുടെ വോട്ട് അസാധുവാകുമെന്നും താരങ്ങള്‍ പറയുന്നു. തപാല്‍ വോട്ടിംഗിന്‍റെ കാര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ ചില വ്യത്യാസങ്ങളുമുണ്ട്. ഉദാഹരണത്തിന് പെന്‍സില്‍വാനിയയിലെ തപാല്‍വോട്ട് മാര്‍ഗനിര്‍ദേശമനുസരിച്ച് രണ്ട് കവറുകളിലാക്കിയാണ് തിരിച്ചയയ്ക്കേണ്ടത്. അങ്ങനെ അല്ലാതെ ലഭിക്കുന്ന ബാലറ്റുകളെയാണ് 'നേക്കഡ് ബാലറ്റുകളെ'ന്ന് വിളിക്കുന്നത്. ഇത് അസാധു വോട്ടുകളാണ്.

വോട്ട് ചെയ്യണമെന്നും ഈ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും അഭിപ്രായം പ്രതിഫലിക്കുമെന്നും താരങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ക്രിസ് റോക്ക്, ടിഫാനി ഹാഡിഷ്, അമി ഷുമെര്‍, ജോഷ് ഗാഡ്, സാറ സില്‍വര്‍മാര്‍, അഴരുടെ അച്ഛന്‍ ഷ്ളെപ്പി, മാര്‍ക് റഫലൊ, ചെല്‍സി ഹാന്‍ഡ്‍ലര്‍, റ്യാന്‍ ബാത്ത്, നവോമി ക്യാംപ്ബെല്‍ എന്നിവരാണ് വീഡിയോയില്‍ നഗ്നരായി പ്രത്യക്ഷപ്പെടുന്നത്. പൊതുജനത്തിന്‍റെ പ്രതിനിധിയായി ബൊറാറ്റ് സാഗ്‍ഡിയേവും വീഡിയോയിലുണ്ട്. 

click me!