'ദൃശ്യം' ഹിന്ദി പതിപ്പിന്‍റെ സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

By Web TeamFirst Published Aug 17, 2020, 7:34 PM IST
Highlights

മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം ദൃശ്യം അതേ പേരിൽ ഹിന്ദിയിൽ സംവിധാനം ചെയ്തത് നിഷികാന്തായിരുന്നു. ഇർഫാൻ ഖാന്‍റെ മദാരി അടക്കം നിരവധി മികച്ച ചിത്രങ്ങൾ ഹിന്ദി, മറാഠി ഭാഷകളിലായി അദ്ദേഹം സംവിധാനം ചെയ്തു.

ഹൈദരാബാദ്: പ്രമുഖ ബോളിവുഡ്, മറാഠി സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസ്സായിരുന്നു. ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. കരളിലെ അണുബാധ കൂടിയത് നില വഷളാക്കി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വൈകിട്ടോടെ സ്വന്തം നാടായ മുംബൈയിലെത്തിക്കും.

നടൻ ഋതേഷ് ദേശ്‍മുഖാണ് നിഷികാന്ത് കാമത്തിന്‍റെ മരണവിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. ''എന്നും നിങ്ങളെ മിസ് ചെയ്യും കൂട്ടുകാരാ, നിഷികാന്ത് കാമത്ത്, റെസ്റ്റ് ഇൻ പീസ്'', എന്ന് ഋതേഷ് ട്വീറ്റ് ചെയ്തു. നേരത്തേ നിഷികാന്തിന്‍റെ മരണം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഗുരുതരാവസ്ഥയിലുള്ള അദ്ദേഹം തിരികെ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഋതേഷ് ട്വീറ്റ് ചെയ്തിരുന്നു. 

മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം ദൃശ്യം അതേ പേരിൽ ഹിന്ദിയിൽ സംവിധാനം ചെയ്തത് നിഷികാന്തായിരുന്നു. അജയ് ദേവ്‍ഗൺ, തബു എന്നിവരഭിനയിച്ച ചിത്രം ബോളിവുഡിലെ സൂപ്പർ ഹിറ്റുകളിലൊന്നായി. ഇർഫാൻ ഖാന്‍റെ മദാരി അടക്കം നിരവധി മികച്ച ചിത്രങ്ങൾ ഹിന്ദി, മറാഠി ഭാഷകളിലായി അദ്ദേഹം സംവിധാനം ചെയ്തു. ജോൺ എബ്രഹാമിനെ നായകനാക്കി, ഫോഴ്സ്, റോക്കി ഹാൻഡ്‍സം എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

മറാഠിയിലും വാണിജ്യവിജയം നേടിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു നിഷികാന്ത് കാമത്ത്. ഋതേഷ് ദേശ്മുഖ് അഭിനയിച്ച ലാൽ ഭാരി, സ്വപ്നിൽ ജോഷി അഭിനയിച്ച ഫുഗേയ് എന്നിവയും വൻ ഹിറ്റുകളാണ്. 2004-ൽ പുറത്തുവന്ന ഹവാ ആനേ ദേ ആണ് അദ്ദേഹത്തിന്‍റെ ആദ്യചിത്രം. നിഷികാന്തിന്‍റെ  ഡോംബിവ്‍ലി ഫാസ്റ്റ്, മുംബൈ മേരി ജാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ പിന്നീട് നിരൂപകപ്രശംസ പിടിച്ചുപറ്റി. 

അഭിനേതാക്കളായ അജയ് ദേവ്‍ഗൺ, രൺദീപ് ഹൂഡ, നിമ്രത് കൗർ, സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരടക്കം നിരവധിപ്പേർ നിഷികാന്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

click me!