
പല കാരണങ്ങളാല്‍ സമീപകാലത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം. കുഞ്ചാക്കോ ബോബന്‍റെ വൈറല്‍ ഡാന്‍സ് ആണ് ആദ്യം പ്രേക്ഷകശ്രദ്ധ നേടിയതെങ്കില്‍ ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ പുറത്തുവിട്ട ഒരു പോസ്റ്റര്‍ അതിലേറെ ചര്‍ച്ചയായി. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പോസ്റ്ററിലെ ആഹ്വാനം. ഈ പോസ്റ്ററിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികളായ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള അണിയറക്കാരും പിന്നാലെ രംഗത്തെത്തി. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ യുകെ, അയര്‍ലന്‍ഡ് റിലീസിനോടനുബന്ധിച്ചുള്ളതാണ് പുതിയ പോസ്റ്റര്‍.
തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ എന്നാണ് ആ പോസ്റ്ററിലെ തലക്കെട്ട്. സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റര്‍ പലരും പങ്കുവെക്കുന്നുണ്ട്. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രം 19 ന് ആണ് പ്രദര്‍ശനം ആരംഭിക്കുന്നത്. അതേസമയം അഞ്ച് ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. കേരളത്തില്‍ ആദ്യ വാരം നേടിയ വന്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി വിദേശ റിലീസിലും ചിത്രത്തിന് ഗുണകരമാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
അംബാസ് രാജീവന്‍ എന്ന മുന്‍ മോഷ്ടാവായി വേറിട്ട മേക്കോവറിലാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.
ALSO READ : 'എത്ര എളിമയുള്ളയാള്‍'; മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ച് മൈക്കള്‍ സൂസൈരാജ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ