'മരിക്കാൻ സമയമില്ല', ജെയിംസ് ബോണ്ട് അന്വേഷണം തുടങ്ങാൻ വൈകും

By Web TeamFirst Published Oct 3, 2020, 5:14 PM IST
Highlights

ജെയിംസ് ബോണ്ടായി ഡാനിയല്‍ ക്രേഗ് അന്വേഷം തുടങ്ങാൻ വൈകും.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ. ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. വലിയ നിരാശയാണ് ആരാധകര്‍ക്കുണ്ടായിരിക്കുന്നത്. ഡാനിയല്‍ ക്രെയ്‍ഗിനെ വീണ്ടും ജെയിംസ് ബോണ്ടായി കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ചിത്രീകരണത്തിനിടെ വലിയ പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.

കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്. നവംബറോടെ ചിത്രം റിലീസ് ചെയ്യാനുകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ആരാധകര്‍ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലുമായിരുന്നു. ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് സിനിമയുടെ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഞ്ചാം തവണയാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രമായി എത്തുന്നത്. ഇതിനു മുമ്പ് സ്‍പെക്ട്രെ എന്ന ചിത്രത്തിലാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് ആയി എത്തിയത്. സ്‍പെക്ട്രെയ്‍ക്ക് കൃത്യമായ അവസാനം ഉണ്ടായിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ കൃത്യമായി  അവസാനം ഉണ്ടായിരുന്നില്ല. സ്‍പെക്ട്രെയോടു കൂടി ഞാൻ അഭിനയം നിര്‍ത്തിയിരുന്നെങ്കില്‍ ഒന്നു കൂടി ചെയ്യാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നുമായിരുന്നു. കാരണം സിനിമയുടെ കഥാഗതിക്ക് വ്യക്തമായ അവസാനം ഉണ്ടായിരുന്നില്ല. അത് കൃത്യമായി അവസാനിപ്പിക്കേണ്ടതുണ്ട്. പുതിയ സിനിമയില്‍ അങ്ങനെ തന്നെയാണ്- ഡാനിയല്‍ ക്രേഗ് പറയുന്നു. 

സര്‍വീസിലുള്ള ജെയിംസ് ബോണ്ടല്ല പുതിയ സിനിമയിലുള്ളത്. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും അന്വേഷണത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പ്രമേയം.

ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. 

ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്ന് ഡാനിയല്‍ ക്രേഗ് പറയുന്നു. മുമ്പ് ചെയ്‍തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. കരിയറിലെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി-  ഡാനിയല്‍ ക്രേഗ് പറയുന്നു. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

click me!