അക്ഷയ് കുമാറിനെയല്ല, കാനഡ മുന്‍പ് ക്ഷണിച്ചത് എ ആര്‍ റഹ്മാനെ

By Web TeamFirst Published May 6, 2019, 10:53 PM IST
Highlights

പക്ഷേ അടുത്തിടെ നടത്തിയ ഒരു ട്വീറ്റില്‍ തന്റെ കൈവശമുള്ള കനേഡിയന്‍ പാസ്‌പോര്‍ട്ടിനെക്കുറിച്ച് അക്ഷയ് കുമാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കാനഡയില്‍ ഓണററി പൗരത്വം ലഭിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സ്വന്തം രാജ്യത്തുനിന്ന് മാറ്റേണ്ടതില്ലെന്ന വസ്തുത പിന്നാലെ ചര്‍ച്ചയാവുകയും അദ്ദേഹം അവകാശപ്പെടുന്ന 'ഓണററി പൗരത്വം' സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു.
 

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള കൗതുകകരമായ ഒരു വാര്‍ത്തയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ബോളിവുഡ് താരങ്ങള്‍ ആരൊക്കെ എന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ ടെലിവിഷന്‍ അഭിമുഖം നടത്തിയ അക്ഷയ് കുമാറിന്റെ പേരും ഇന്ത്യയില്‍ വോട്ടില്ലാത്തവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. മോദിയെയും ബിജെപിയെയും പിന്തുണയ്ക്കുന്ന, ദേശസ്‌നേഹ സിനിമകളില്‍ അഭിനയിക്കാറുള്ള അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വമല്ല, മറിച്ച് കനേഡിയന്‍ പൗരത്വമാണ് ഉള്ളതെന്ന കാര്യം സോഷ്യല്‍ മീഡിയ കാര്യമായി ചര്‍ച്ച ചെയ്തു. മുന്‍പൊരിക്കല്‍ ഇത് ചര്‍ച്ചയായപ്പോള്‍ അത് ഓണററി പൗരത്വമാണെന്നാണ് (ബഹുമാനപൂര്‍വ്വം രാഷ്ട്രം സമ്മാനിക്കുന്നത്) അദ്ദേഹം പറഞ്ഞിരുന്നത്. 

I am an honorary citizen of Canada. I think people should be proud of: pic.twitter.com/GB2qTz18eB

— TIMES NOW (@TimesNow)

പക്ഷേ അടുത്തിടെ നടത്തിയ ഒരു ട്വീറ്റില്‍ തന്റെ കൈവശമുള്ള കനേഡിയന്‍ പാസ്‌പോര്‍ട്ടിനെക്കുറിച്ച് അക്ഷയ് കുമാര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കാനഡയില്‍ ഓണററി പൗരത്വം ലഭിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സ്വന്തം രാജ്യത്തുനിന്ന് മാറ്റേണ്ടതില്ലെന്ന വസ്തുത പിന്നാലെ ചര്‍ച്ചയാവുകയും അദ്ദേഹം അവകാശപ്പെടുന്ന 'ഓണററി പൗരത്വം' സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു. കനേഡിയന്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമായ വിവരമനുസരിച്ച് കാനഡ ഓണററി പൗരത്വം നല്‍കിയത് റൗള്‍ വാലെന്‍ബെര്‍ഗ്, നെല്‍സണ്‍ മണ്ഡേല, ടെന്‍സിന്‍ ഗ്യാറ്റ്‌സൊ (ദലൈ ലാമ), മലാല യൂസഫ്‌സായ് തുടങ്ങി അപൂര്‍വ്വം ചിലര്‍ക്കാണ്. ഇക്കൂട്ടത്തില്‍ അക്ഷയ് കുമാറിന്റെ പേരില്ല. 'വാന്‍കൂവര്‍ ഒബ്‌സര്‍വര്‍' എന്ന കനേഡിയന്‍ പത്രത്തില്‍ 2010 സെപ്റ്റംബര്‍ 2ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ എത്തി. അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന വിവരമായിരുന്നു ആ വാര്‍ത്തയില്‍.

അതേസമയം മറ്റൊരു പ്രശസ്തനായ ഇന്ത്യക്കാരന് മുന്‍പ് തങ്ങളുടെ പൗരത്വം നല്‍കാന്‍ കാനഡ തയ്യാറായതും ഇതോടനുബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നിറഞ്ഞു. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനാണ് 2017ല്‍ കാനഡ പൗരത്വം വാഗ്ദാനം ചെയ്തത്. ടൊറോന്റോ മേയറെ അഭിസംബോധന ചെയ്തുകൊണ്ട് റഹ്മാന്‍ അന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായിരുന്നു. 'ഈ ക്ഷണത്തില്‍ എനിക്ക് വളരെ നന്ദിയുണ്ട്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമൊപ്പം ഇന്ത്യയിലെ തമിഴ്‌നാട്ടില്‍ ജീവിക്കുന്നതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്' എന്ന് പറഞ്ഞുകൊണ്ടാണ് കനേഡിയന്‍ പൗരത്വ വാഗ്ദാനം റഹ്മാന്‍ അന്ന് തള്ളിക്കളഞ്ഞത്. അക്ഷയ് കുമാറിന്റെ രാജ്യസ്‌നേഹം കപടമാണെന്ന് വാദിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എ ആര്‍ റഹ്മാനെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹത്തോട് ഉപദേശിക്കുന്നുണ്ട്. 

click me!