
കോമണര്‍ ടാഗില്‍ ഇത്തവണത്തെ ബിഗ് ബോസില്‍ മത്സരിക്കുന്ന അനീഷ് ശരിക്കും ഒരു കോമണര്‍ അല്ലെന്ന് സീസണ്‍ 1 വിജയി സാബുമോന്‍. ഏതാനും ദിവസം മുന്‍പ് ചലഞ്ചര്‍ ആയി ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലേക്ക് സാബുമോന്‍ പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷം ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീഷ് എന്തുകൊണ്ട് ഒരു കോമണര്‍ അല്ല എന്ന വിലയിരുത്തല്‍ അദ്ദേഹം പങ്കുവചച്ചു. അത് ഇങ്ങനെ- “അനീഷ് എങ്ങനെയാണ് കോമണര്‍ ആവുന്നത്? കോമണര്‍ എന്നത് ആ ഗെയിമിനകത്ത് കൊടുക്കുന്ന ഒരു വിശേഷണമോ കാറ്റഗറിയോ മാത്രമാണ്. അനീഷ് ടെലിവിഷന്‍ പരിപാടികളില്‍ ഇഷ്ടം പോലെ പങ്കെടുത്തിട്ടുള്ള ആളാണ്. അനീഷ് തന്നെ എന്നോട് പറഞ്ഞു, 17 വയസ് മുതല്‍ ടിവിയില്‍ ന്യൂസ് റീഡര്‍ ആയിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന്. എന്തുകൊണ്ടാണ് അച്ചടി ഭാഷ സംസാരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. തൃശൂരുകാരുടെ ഭാഷയുടെ ഒരു രസം ഒരു തൃശൂര്‍ക്കാരനില്‍ നിന്ന് കണ്ടില്ല”, സാബുമോന്‍ പറയുന്നു.
“അച്ചടി ഭാഷയുടെ കാര്യം ചോദിച്ചപ്പോഴാണ് ടിവിയില്‍ വാര്‍ത്ത വായിച്ച കാര്യം അനീഷ് പറഞ്ഞത്. അതിനുവേണ്ടി ഉപയോഗിച്ച ഭാഷ പിന്നീട് ശീലമായിപ്പോയി എന്നും പറഞ്ഞു. ഒരു ന്യൂസ് റീഡര്‍ എന്ന് പറഞ്ഞാല്‍ ഒരു സെലിബ്രിറ്റിയാണ്. പക്ഷേ അനീഷ് സ്വയം അവകാശപ്പെടുന്നത് ഒരു സാധാരണക്കാരന്‍ ആണെന്നാണ്. അങ്ങനെയാണെങ്കില്‍ നമ്മളെല്ലാം സാധാരണക്കാരാണ്. സെലിബ്രിറ്റി സ്റ്റാറ്റസ് സ്വയം പറഞ്ഞ് നടക്കുന്ന ആളുകളല്ല നമ്മളാരും”, സാബുമോന്‍ പറഞ്ഞു. അങ്ങനെ നോക്കിയാല്‍ ഇത്തവണത്തെ കോമണര്‍ ടാഗിന് അര്‍ഹരായവര്‍ ആദിലയും നൂറയുമാണെന്നും സാബുമോന്‍ പറഞ്ഞു. “കാരണം അവര്‍ സെലിബ്രിറ്റികള്‍ അല്ല. അവര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുകയോ സംവിധാനം ചെയ്യുകയോ തിരക്കഥ എഴുതുകയോ അവതാരകരായി വര്‍ക്ക് ചെയ്ത ആളുകളോ ഒന്നുമല്ല. അപ്പോള്‍ അവരല്ലേ ശരിക്കുമുള്ള കോമണര്‍മാര്‍”, സാബുമോന്‍ ചോദിക്കുന്നു
സോഷ്യല്‍ മീഡിയയില്‍ അനീഷിന് കാണുന്ന പിന്തുണ പിആറിന്‍റെ ഭാഗമാണെന്നും പ്ലാന്‍ ചെയ്തിട്ടുള്ള വ്യക്തമായ പിആര്‍ നടക്കുന്നുണ്ടെന്നും സാബുമോന്‍ ആരോപിച്ചു. മത്സരാര്‍ഥികളുടെ വിജയ സാധ്യത പ്രവചിക്കുക ഇത്തവണ ദുഷ്കരമാണെന്നും അത്തരത്തില്‍ പറയത്തക്ക മത്സരാര്‍ഥികളൊന്നും അവിടെ ഫോം ആയി വന്നിട്ടില്ലെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു.