ആ സൂപ്പര്‍ഹീറോ ചിത്രം ഡ്രോപ്പ് ആയോ? 'കൂലി'യല്ല, യഥാര്‍ഥ കാരണം ഇതാണ്

Published : Sep 13, 2025, 08:17 PM IST
not coolie this is reason to drop superhero movie by aamir khan lokesh kanagaraj

Synopsis

കൂലിയിലെ കഥാപാത്രത്തിന് ലഭിച്ച തണുപ്പന്‍ പ്രതികരണമാണ് ആമിറിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനെ നായകനാക്കി ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആമിര്‍ തന്നെ കൂലി പ്രൊമോഷന്‍ സമയത്ത് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയില്‍ ദഹാ എന്ന അതിഥിവേഷത്തിലാണ് ആമിര്‍ എത്തിയത്. ഒരു രജനികാന്ത് ചിത്രം ആയതുകൊണ്ടാണ് കൂലിയിലെ ഗസ്റ്റ് റോള്‍ താന്‍ ചെയ്തതെന്നും ആമിര്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലോകേഷ്- ആമിര്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

കൂലിയിലെ റോള്‍ നേടിയ മോശം പ്രതികരണമാണ് ആമിറിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രചരണം. ഇതിന് തെളിവെന്ന നിലയില്‍ ഒരു പത്രവാര്‍ത്തയുടെ കട്ടിംഗും പോസ്റ്റുകളില്‍ ഉണ്ടായിരുന്നു. കൂലി തനിക്ക് സംഭവിച്ച ഒരു വലിയ തെറ്റ് ആണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രവാര്‍ത്തയുടെ കട്ടിംഗ് ആയിരുന്നു ഇത്. എന്നാല്‍ ഈ പത്ര കട്ടിംഗ് വ്യാജമായി നിര്‍മ്മിക്കപ്പെട്ടതാണ്. ഈ വിഷയത്തില്‍ ആമിറിന്‍റെയോ ലോകേഷിന്‍റെയോ പ്രതികരണം ഇനിയും എത്തിയിട്ടുമില്ല.

അതേസമയം ബോളിവുഡ് ഹംഗാമയുടെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഇരുവരും ചേര്‍ന്ന് ചെയ്യാനിരുന്ന സൂപ്പര്‍ഹീറോ ചിത്രം ഉപേക്ഷിച്ചെന്ന വിവരം വാസ്തവമാണെന്ന് പറയുന്നുണ്ട്. എന്നാല്‍ കൂലിക്ക് ലഭിച്ച പ്രതികരണങ്ങളല്ല അതിന് കാരണം. മറിച്ച് ലോകേഷിന്‍റെ വര്‍ക്കിംഗ് ശൈലിയോട് ആമിറിനുള്ള അഭിപ്രായവ്യത്യാസമാണ്. മുന്‍കൂട്ടി പൂര്‍ത്തിയാക്കിയ തിരക്കഥ ചിത്രീകരണത്തിന് മുന്‍പേ ആമിറിന് നിര്‍ബന്ധമാണ്. എന്നാല്‍ ലോകേഷിന്‍റേത് മറ്റൊരു രീതിയാണ്. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് കൈയില്‍ വച്ച് ചിത്രീകരണം ആരംഭിക്കുകയും ഷൂട്ടിംഗ് മുന്നേറുന്നതിനനുസരിച്ച് എഴുത്തും പൂര്‍ത്തിയാക്കുകയാണ് ലോകേഷിന്‍റെ രീതി.

ഇന്ത്യന്‍ സിനിമയെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ആശയമാണ് ലോകേഷിന്‍റെ കൈയില്‍ ഉള്ളതെന്നും എന്നാല്‍ തിരക്കഥാ രചനയ്ക്കായി അദ്ദേഹം തന്‍റെ സമയം പൂര്‍ണ്ണമായും കൊടുക്കണമെന്നുമാണ് ആമിറിന്‍റെ നിലപാട്. എന്നാല്‍ സെറ്റിലെ ഇംപ്രൊവൈസേഷനാണ് ലോകേഷിന്‍റെ ഊന്നല്‍. ക്രിയേറ്റീവ് ആയ ഈ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് തല്‍ക്കാലം ഈ പ്രോജക്റ്റ് മാറ്റിവെക്കാമെന്നാണ് ഇരുവരുടെയും നിലപാടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനികാന്തും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ലോകേഷിന്‍റേതായി അടുത്ത് വരാനിരിക്കുന്നത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ