
ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് രഞ്ജിത്ത് മുതിര്‍ന്ന നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ ഒരു തമാശ പറഞ്ഞതിന്‍റെ പേരില്‍ അടിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് നേരത്തെ തന്‍റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു. ഈ വീഡിയോ ചെയ്തതിന് ശേഷം തനിക്ക് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചും അന്നത്തെ സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങളിലേക്കും കടക്കുകയാണ് ആലപ്പി അഷ്റഫ് ഇപ്പോള്‍. യുട്യൂബ് ചാനലിലൂടെയാണ് പുതിയ പ്രതികരണവും.
"അത്യുന്നതങ്ങളിൽ വിരാജിച്ച ഒരു സംവിധായകന് ഇതുപോലൊരു അധ:പ്പതനം ഉണ്ടാകുന്നത് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ്. സംവിധാനത്തില്‍ ബഹുകേമനാണെങ്കിലും അയാളുടെ ഉള്ളില്‍ ഒരു ക്രിമിനൽ സ്വഭാവം ഉണ്ടെന്ന് ആദ്യമായി പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞത് ഞാനാണ്. എന്നെ എതിർത്തുകൊണ്ടും അയാളെ ന്യായീകരിച്ചുകൊണ്ടും ചിലരൊക്കെ രംഗത്തു വന്നുവെങ്കിലും പിന്നീട് അവരുടെ പൊടിപോലും കാണാതെയായി. ഞാൻ പറഞ്ഞതെല്ലാം 100 ശതമാനവും സത്യമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു എന്നുള്ളത് അവർ മനസ്സിലാക്കിയതാണ് കാരണം. അന്ന് ഞാൻ പറഞ്ഞത് മലയാള സിനിമയിലെ പ്രതിഭാധനും വയോവൃദ്ധനും എല്ലാവർക്കും പ്രിയങ്കരനുമായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണനോട് കാണിച്ച ക്രൂരതയെ കുറിച്ചായിരുന്നു. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യപിച്ച് ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെവിക്കല്ല് നോക്കി അടിച്ചു നിലത്തുവീഴ്ത്തി എന്നതായിരുന്നു. അടികൊണ്ടുവീണ ഒടുവിലാനെ എല്ലാവരും ചേർന്ന് പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല.
ഈ സത്യം ഞാൻ വെളിപ്പെടുത്തിയപ്പോൾ പലരും എന്നോട് കമന്റിലൂടെ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്. കോടികൾ മുടക്കി ആരംഭിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയിൽ ഉണ്ടായ ഒരു പ്രശ്നം കൂടുതൽ വഷളാക്കുക എന്നതല്ല എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എല്ലാവരും ചേർന്ന് പ്രശ്നം സമാധാനപരമായി അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ കയറി ഇടപെട്ട് പ്രശ്നം വഷളാക്കുന്നത് ന്യായമാണോ? ഈ സംഭവം വെളിപ്പെടുത്തിയപ്പോൾ അത് കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് ആറാം തമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ജി സുരേഷ്കുമാർ ആയിരുന്നു. ഒരു കാര്യം പറയുമ്പോൾ അത് വളരെ കൃത്യമായി പറയേണ്ടതല്ലേ എന്ന് സുരേഷ് കുമാര്‍ എന്നോട് ചോദിച്ചു. അതെന്താണെന്ന് ചോദിട്ടപ്പോള്‍ സുരേഷ് പറഞ്ഞത് ഒടുവിലാൻ വീണത് അടികൊണ്ടല്ല എന്നാണ്. അടിയുടെ കൂടെ നാഭിക്കിട്ട് ഒരു തൊഴി കൂടെ കൊടുത്തതുകൊണ്ടാണ് അദ്ദേഹം വീണതെന്നും. ആ ബഹളത്തിനിടയിൽ അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. കിഡ്നി രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്ന അദ്ദേഹത്തിൻറെ നാഭിക്കിട്ടാണ് ചവിട്ടിയതെന്ന് ഓർക്കണം. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. ആ സാധു മനുഷ്യന്റെ നിവൃത്തികേടും നിസ്സഹായ അവസ്ഥയും കാരണമാണ് തുടർന്ന് ആ പടത്തിലും പിന്നീട് അയാളുടെ മറ്റൊരു പടത്തിലും അഭിനയിക്കാൻ നിർബന്ധിതനായത്. തന്നെയുമല്ല രഞ്ജിത്തിനെ പോലെയുള്ള ഒരാളെ നേരിടാനുള്ള ശക്തിയും പ്രാപ്തിയും ആ പാവം മനുഷ്യൻ ഉണ്ടായിരുന്നില്ല.
സുരേഷ്കുമാർ ഒടുവിലാനെ തൊഴിച്ച കാര്യം കൂടി എന്നോട് പറഞ്ഞപ്പോൾ ഇതുൾപ്പെടെ വീണ്ടും ചില സത്യങ്ങൾ കൂടി വെളിപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോഴേക്കും സുരേഷ്കുമാർ വീണ്ടും എന്നെ വിളിച്ചിട്ട് പറഞ്ഞു താനി രഞ്ജിത്തിനെ ഒന്നും പറയല്ലേ എന്ന്. അയാൾ വലിയ അവശതയിലാണ്. കരള്‍മാറ്റ ശസ്ത്രക്രിയ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. ഇനി അയാളെ വിട്ടേരെ എന്ന്. അതുകൊണ്ടാണ് കൂടുതൽ പ്രതികരണങ്ങൾ ഞാൻ ഒഴിവാക്കിയത്. അസുഖ ബാധിതനായി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോഴെങ്കിലും മാനസാന്തരം ഉണ്ടായിക്കാണും, ചെയ്ത തെറ്റുകൾക്കൊക്കെ പശ്ചാത്തപിക്കുന്നുണ്ടാകും എന്നൊക്കെ വെറുതെ തെറ്റിദ്ധരിച്ചു. ആ ധാരണകളെ തിരുത്തി കുറിക്കുന്നതാണ് ഇപ്പോൾ അയാൾ നടത്തിയ പീഡനം. ഞാൻ ഇങ്ങനെയാണ്, എൻറെ ശൈലി ഇതാണ്, ഒരിക്കലും എൻറെ സ്വഭാവത്തിൽ മാറ്റം വരുത്തില്ല എന്ന് ഒരാൾ തീരുമാനിച്ചാൽ പിന്നെ വരുന്നതിനെ ഒക്കെ നേരിടുന്നതിനും അനുഭവിക്കുന്നതിനും അയാൾ യോഗ്യനാണ്. ഒടുവിലിനെ തല്ലി താഴെയിട്ടു എന്നത് മാത്രമാണല്ലോ നിങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത്. എന്നാൽ അയാൾ സിനിമാരംഗത്തുള്ള പല പ്രമുഖരെയും തല്ലിയിട്ടുണ്ട് പാവക്കൂത്തെന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഇന്നത്തെ ഒരു പ്രശസ്ത നിർമ്മാതാവിനെയും കരണത്തടിച്ചും നാഭിക്ക് ചവിട്ടിയും അയാൾ നിലത്തിട്ടിട്ടുണ്ട്. അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പേര് ഞാനിപ്പോൾ വെളിപ്പെടുത്താത്തത്."
അതേസമയം രഞ്ജിത്തിനെതിരായ പീഡനക്കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ