
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ് ആന്റണി വർഗീസിനെ നായകനാക്കി ഒരുക്കുന്ന കാട്ടാളൻ നാളെ ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുകയാണ്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കാട്ടാളൻ ക്യൂബ്സ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണെന്ന സൂചനകൾ നൽകുന്ന തരത്തിൽ മാർക്കോയിലെ സിദ്ധിഖ് അവതരിപ്പിച്ച ജോർജ് ഡി പീറ്റർ എന്ന കഥാപാത്രം കാട്ടാളനിലും എത്തുന്നുണ്ട്.
ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഭാഗമാവാകുന്നുണ്ടെന്ന തരത്തിൽ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചാരണവും നടന്നിരുന്നു. എന്നാൽ ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഫിലിംസ്. കാട്ടാളനിൽ താൻ ഇല്ലെന്നും, ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെയും ഭാഗമല്ലെന്നുമാണ് ഉണ്ണി മുകുന്ദൻ ഫിലിംസ് വ്യക്തമാക്കിയിരിക്കുന്നത്.
"സത്യസന്ധമായ കഥ പറച്ചിലും ഫിലിം മേക്കിങും ഓരോ ചുവടുവെപ്പിലും ആഘോഷിക്കുന്നതിലാണ് യുഎംഎഫ് വിശ്വസിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെ സിനിമയൊരുക്കുന്ന ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. അവരുടെ ആദ്യത്തെ ചിത്രമായ മാര്‍ക്കോയുടെ ഭാഗമാകാനുള്ള പ്രിവിലേജ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ ഞങ്ങള്‍ നിര്‍മാണ പങ്കാളികളുമായിരുന്നു. ഞങ്ങള്‍ അഭിമാനത്തോടെയാണ് ആ യാത്രയെ കാണുന്നതും. വരും ദിവസങ്ങള്‍ ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധിക്കട്ടെയെന്ന് ആ ചിത്രത്തിന്റെ അണിയറ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു. ഉണ്ണി മുകുന്ദനെ സ്‌നേഹിക്കുന്ന എല്ലാവരോടുമായി, നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഉണ്ണി മുകുന്ദന്‍ ഈ പ്രൊജക്ടിന്റെയോ, മറ്റെതെങ്കിലും യൂണിവേഴ്‌സിന്റെയോ ഭാഗമല്ലെന്ന് വ്യക്തമാക്കുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുന്നതില്‍ നിന്നും പിന്മാറണമെന്ന് ആരാധകരോടും പൊതുജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആളുകളെ രസിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ഒത്തൊരുമിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ പറയുകയെന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. അത് ഞങ്ങള്‍ക്ക് എറെ വിലപ്പെട്ടതാണ്." ഉണ്ണി മുകുന്ദൻ ഫിലിംസ് വ്യക്തമാക്കി.
അതേസമയം കെജിഎഫ്, സലാർ എന്നിവയിലൂടെ ഇന്ത്യൻ സിനിമയെ ത്രസിപ്പിച്ച കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് കാട്ടാളനിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ