ഓണ്‍ലൈന്‍ സിനിമാടിക്കറ്റ് ബുക്കിംഗ് ആപ്പുകളുടെ കൊള്ളയടി; സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായില്ല

By Web TeamFirst Published Mar 2, 2020, 7:16 PM IST
Highlights

 ക്യൂ നില്‍ക്കേണ്ട, ഇഷ്ടമുള്ള സീറ്റ് മൊബൈല്‍ വഴിയോ, കംപ്യൂട്ടര്‍ വഴിയോ തെരഞ്ഞെടുക്കാം. ഇങ്ങനെയുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് സംസ്ഥാനത്ത് വ്യപകമാണ്. പക്ഷേ 100 രൂപയുള്ള ടിക്കറ്റ് ഓണ്‍ലൈനിലെടുക്കുമ്പോള്‍ 30 രൂപയോളം ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് നല്‍കണം

തിരുവനന്തപുരം: ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളുടെ കൊള്ളയടി തടയുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പിലായില്ല. കുത്തക കമ്പനിയുടെ  അട്ടിമറി നീക്കത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തി. ക്യൂ നില്‍ക്കേണ്ട, ഇഷ്ടമുള്ള സീറ്റ് മൊബൈല്‍ വഴിയോ, കംപ്യൂട്ടര്‍ വഴിയോ തെരഞ്ഞെടുക്കാം.

ഇങ്ങനെയുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് സംസ്ഥാനത്ത് വ്യപകമാണ്. പക്ഷേ 100 രൂപയുള്ള ടിക്കറ്റ് ഓണ്‍ലൈനിലെടുക്കുമ്പോള്‍ 30 രൂപയോളം ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് നല്‍കണം. ബുക്കിംഗ് ചാര്‍ജ്ജായി ഈടാക്കുന്ന തുകയുടെ ഒരു ഭാഗം കമ്പനി തീയറ്റര്‍ ഉടമകള്‍ക്ക് നല്‍കും.

പക്ഷേ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രേക്ഷകന്‍ വലിയ നഷ്ടമാണ് സഹിക്കുന്നത്. ഇങ്ങനെ പ്രേക്ഷകന്‍റെ പോക്കറ്റ് ചോര്‍ത്തുന്ന ഓണ്‍ലൈന്‍ കൊള്ളയ്ക്ക് അറുതി വരുത്താന്‍ പൊതുമേഖലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്ളിക്കേഷന്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയെങ്കിലും തീയറ്റര്‍ ഉടമകളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരിക്കുകയാണ്. തീയറ്ററുകള്‍ക്ക് മുന്‍കൂറായി ലക്ഷങ്ങള്‍ നല്‍കി ബുക്കിംഗ് അവകാശം നിലനിര്‍ത്തുന്ന കുത്തകകളാണ് ഈ നീക്കത്തിനു പിന്നിലെന്ന ആക്ഷേപം ശക്തമാണ്.

സംസ്ഥാനത്തെ തീയറ്ററുകളില്‍ 2016 ജൂലൈ ഒന്ന് മുതല്‍ ഇ ടിക്കറിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ടിക്കറ്റിന് 42 പൈസ നിരക്കില്‍ പദ്ധതി നടപ്പിലാക്കാന്‍ ഐനെററ് വിഷന്‍സ് എന്ന കമ്പനിക്ക് ഓപ്പണ്‍ ടെണ്ടറിനു ശേഷം അനുമതിയും നല്‍കി. തിയറ്റര്‍ ഉടമകളുടെ സമ്മര്‍ദ്ദവും സമര പ്രഖ്യാപനവും കോടതി  നടപടികളും  മൂലം ഇത് നടപ്പിലാകാതെ പോവുകയായിരുന്നു.

ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലൂടെ കുത്തക കമ്പനികള്‍ കോടികളുടെ നേട്ടമുണ്ടാക്കുന്നത് നിര്‍ബാധം തുടരുകയാണ്. ഇതോടൊപ്പം പണം നല്‍കാത്ത നിര്‍മ്മാതാക്കളുടെ സിനിമയുടെ റേറ്റിംഗ്, ആപ്പില്‍ ഇടിച്ചു താഴ്ത്തുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

click me!