ട്രംപിന്‍റെ നയങ്ങള്‍ക്ക് എതിരായ സിനിമകള്‍ ഏറെ; രാഷ്ട്രീയ പ്രഖ്യാപനമാവുമോ ഓസ്കര്‍ വേദി? വിജയികളെ നാളെ അറിയാം

Published : Mar 02, 2025, 09:07 AM IST
ട്രംപിന്‍റെ നയങ്ങള്‍ക്ക് എതിരായ സിനിമകള്‍ ഏറെ; രാഷ്ട്രീയ പ്രഖ്യാപനമാവുമോ ഓസ്കര്‍ വേദി? വിജയികളെ നാളെ അറിയാം

Synopsis

ഓസ്കർ പുരസ്കാരദാന ചടങ്ങിൽ രാഷ്ട്രീയം സ്ഥിരം അതിഥിയാണ്. അവതാരകർ മുതൽ അവാർഡ് ജേതാക്കൾ വരെ രാഷ്ട്രീയ കാലാവസ്ഥയോട് പ്രതികരിക്കാറുണ്ട്. ഇത്തവണ അതിന് കട്ടി കൂടുമോ കുറയുമോ എന്നു മാത്രമേ അറിയാനുള്ളു

97-ാമത് ഓസ്കർ അവാ‍ർഡുകൾ നാളെ പ്രഖ്യാപിക്കും. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നാമനിർദേശം നേടിയ അനുജ എന്ന ചിത്രത്തിലാണ് ഇന്ത്യൻ പ്രതീക്ഷ. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ശിൽപിയുടെ കഥ പറ‍ഞ്ഞ ദ ബ്രൂട്ടലിസ്റ്റ്, ലൈംഗിക തൊഴിലാളിയുടെ ജീവിതം അനാവരണം ചെയ്ത അനോറ, വത്തിക്കാൻ ത്രില്ലർ കോൺക്ലേവ് തുടങ്ങി മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുടെ ലൈനപ്പാണ് ഇത്തവണ ഉള്ളത്. പെൺ സാന്നിധ്യം ഏറെയുള്ള സംവിധായക നിരയിലും കപ്പ് ആരടിക്കും എന്നത് പ്രവചനാതീതമാണ്. 

ദ ബ്രൂട്ടലിസ്റ്റിലൂടെ ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും നേടിയ നടൻ അഡ്രിയാൻ ബ്രോഡിക്ക് വെല്ലുവിളിയായി കോൺക്ലേവിൽ കർദിനാളായി വേഷമിട്ട റാൽഫ് ഫൈൻസും ദ അപ്രന്റീസിൽ യുവ ട്രംപായി അഭിനയിച്ച സെബാസ്റ്റ്യൻ സ്റ്റാനും ഉണ്ട്. അനോറയിലെ പ്രകടനം മികച്ച നടിക്കുള്ള ഓസ്കറിനായി മൈക്കി മാഡിസണിന്റെ സാധ്യതകൾ കൂട്ടുന്നുണ്ട്. എന്നാൽ ദ സബ്സ്റ്റൻസിൽ മിന്നിച്ച ഹോളിവുഡ് ഐക്കൺ ഡെമി മൂറിനെയും അയാം സ്റ്റിൽ ഹിയറിലെ നായിക ഫെർണാണ്ട ടോറസിനെയും കൂടി ചേർത്തുപിടിക്കുന്നുണ്ട് പ്രവചനങ്ങൾ.

ഇന്തോ- അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നമ്മുടെ പ്രതീക്ഷയാണ്. ദില്ലിയുടെ പശ്ചാത്തലത്തിൽ 9 വയസുകാരിയുടെ ജീവിതം പറയുന്ന ചിത്രം നിർമ്മിച്ചത് നടി പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേ‍ർന്നാണ്. 23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. കോനൻ ഒബ്രായൻ ആണ് അവതാരകൻ. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ചടങ്ങുകൾ തുടങ്ങും. ട്രംപിന്റെ രണ്ടാം വരവിന് ശേഷമുള്ള ആദ്യ ഓസ്കർ ആണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ ഓപ്പൻഹെയ്മറിന്റെ ആധിപത്യത്തിനും ഗാസ ഐക്യദാർഢ്യത്തിനുമെല്ലാം സാക്ഷിയായ താരനിശയിൽ ഇക്കുറി എന്തൊക്കെ എന്നത് സസ്പെൻസ് ആണ്. 

ഓസ്കർ പുരസ്കാരദാന ചടങ്ങിൽ രാഷ്ട്രീയം സ്ഥിരം അതിഥിയാണ്. അവതാരകർ മുതൽ അവാർഡ് ജേതാക്കൾ വരെ രാഷ്ട്രീയ കാലാവസ്ഥയോട് പ്രതികരിക്കാറുണ്ട്. ഇത്തവണ അതിന് കട്ടി കൂടുമോ കുറയുമോ എന്നു മാത്രമേ അറിയാനുള്ളു. കാരണം ട്രംപ് ആണ് ഇപ്പോള്‍ പ്രസിഡന്റ്. രാഷ്ട്രീയം ഒഴിവാക്കാനാകില്ല, പക്ഷേ അത് കേന്ദ്രബിന്ദുവാകാതെ ശ്രദ്ധിക്കും എന്നാണ് അവതാരകൻ കോണൻ ഒ ബ്രയനാന്‍ അറിയിച്ചിരിക്കുന്നത്. 2024 ലെ ചടങ്ങിനിടെ തന്നെ വിമർശിച്ച ഡോണൾഡ് ട്രംപിന്റെ പോസ്റ്റ് ഉറക്കെ വായിച്ച ആതിഥേയൻ ജിമ്മി കെമ്മൽ ജയിൽശിക്ഷക്ക് സമയമായില്ലേ എന്നുചോദിച്ച് പ്രസിഡന്റിനെയും പരിഹസിച്ചിരുന്നു. നടി മെറിൽ സ്ട്രീപ് കടുത്ത ഭാഷയിൽ ട്രംപിനെ വിമർശിച്ചിട്ടുണ്ട്, ഓസ്കർ വേദിയിലല്ലെങ്കിലും. സ്ട്രീപിന്റെ അഭിനയം താഴ്ത്തിക്കെട്ടുകയാണ് ട്രംപ് ചെയ്തത്. രാഷ്ട്രീയം കലർന്ന ചലച്ചിത്രങ്ങളും അതിലെ അഭിനേതാക്കളും ഇത്തവണയും മത്സരരംഗത്തുണ്ട്. പക്ഷേ ട്രംപ് പ്രസിഡന്റായശേഷം ഒപ്പിട്ട ചില എക്സിക്യൂട്ടിവ് ഉത്തരവുകളും ഈ സിനിമകൾക്കും അതിലെ രാഷട്രീയത്തിനുമെതിരാണ്. തന്റെ ജീവിതം ആധാരമാക്കിയ "ദ അപ്രന്റിസ്' പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. പക്ഷേ രണ്ട് നോമിനേഷനുകളുണ്ട് ദ അപ്രന്റിസിന്. നല്ല നടനുൾപ്പടെ. 

എമിലിയ പെരെസ് എന്ന ഫ്രഞ്ച് ചിത്രത്തിലെ നായിക ട്രാൻസ്ജെന്‍ഡര്‍ ആണ്. ഓസ്കർ നോമിനേഷൻ കിട്ടുന്ന ആദ്യത്തെ ട്രാൻസ്ജെന്‍ഡര്‍. അമേരിക്കയില്‍ ഇനി മുതൽ ആണും പെണ്ണുമേയുള്ളു എന്നായിരുന്നു ട്രംപ് ഒപ്പിട്ട ഉത്തരവുകളിലൊന്ന്. ഏകാധിപതികളോടുള്ള ചെറുത്തുനിൽപ്പ് പ്രമേയമായ ഐ ആം സ്റ്റില്‍ ഹിയര്‍, വിക്കഡ‍്, കുടിയേറ്റക്കാരുടെ അവസ്ഥ പറയുന്ന ദി ബ്രൂട്ടലിസ്റ്റ്, അനോറ, അമേരിക്കയിലെ വംശവെറിയുടെ കഥ പറയുന്ന നിക്കല്‍ ബോയ്സ്, കറുത്ത വർഗ്ഗക്കാർ ഭൂരിപക്ഷമായ അമേരിക്കയിലെ ജയിലുകളെക്കുറിച്ചും അവിടത്തെ അന്തേവാസികളെക്കുറിച്ചുമുള്ള സിങ് സിങ്, അങ്ങനെ ട്രംപിന്റെ അടിസ്ഥാന നയങ്ങൾക്ക് എതിരായ ചലച്ചിത്രങ്ങൾ പലതാണ് ഇത്തവണ. ഇതൊന്നും പക്ഷേ ചടങ്ങിൽ പ്രകടമാകണമെന്നില്ല. ആകില്ലെന്നും പറയാൻ പറ്റില്ല. രാഷ്ട്രീയത്തിൽ നിർണായകസ്വാധീനമുള്ള താരങ്ങളുണ്ട് 
ഹോളിവുഡിൽ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡന്റെ പിൻമാറ്റത്തിന് തന്നെ വഴിവച്ചത് നടൻ ജോർജ് ക്ലൂണിയുടെ കൈയൊഴിയലാണെന്നാണ് അന്ന് പുറത്തുവന്ന വിവരം. ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾ പലതും അമേരിക്കയുടെ ഇന്നുവരെയുള്ള നയങ്ങളെയെല്ലാം അട്ടിമറിക്കുന്നതാണ് താനും. അതിനാല്‍ത്തന്നെ രാഷ്ട്രീയം പ്രതീക്ഷിക്കണം ഓസ്കർ വേദിയിൽ.

ALSO READ : എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം; 'കനോലി ബാന്‍റ് സെറ്റ്' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു