
സിനിമകളുടെ മികവിനൊപ്പം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം കൊണ്ടുകൂടി ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് പലപ്പോഴും ഓസ്‍കര്‍ പുരസ്കാര ചടങ്ങുകള്‍. വംശീയവും ലിംഗപരവുമായ മുന്‍വിധികളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമൊക്കെയുള്ള അഭിപ്രായപ്രകടനങ്ങള്‍ ലോകസിനിമയിലെ പ്രമുഖരില്‍ നിന്നുണ്ടാവുമ്പോള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഓസ്കര്‍ പുരസ്കാര പട്ടികയിലും പുരോഗമനപരമായ രാഷ്ട്രീയം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ട് നടത്തിപ്പുകാരായ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‍സ് ആന്‍ഡ് സയന്‍സ്. ഇപ്പോഴിതാ അത്തരം ചര്‍ച്ചകള്‍ തുടരുന്നതിന്‍റെ ഭാഗമായി ഒരു പടി കൂടി മുന്നോട്ടു വച്ചിരിക്കുകയാണ് അക്കാദമി. മികച്ച ചിത്രത്തിനായി പരിഗണിക്കപ്പെടണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്.
'അക്കാദമി അപെര്‍ചര്‍ 2025' എന്നു പേരിട്ടിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതുപ്രകാരം മികച്ച ചിത്രത്തിനുള്ള ഓസ്‍കറിന് പരിഗണിക്കപ്പെടണമെങ്കില്‍ ഒരു സിനിമ നാല് നിബന്ധനകളില്‍ രണ്ടെണ്ണമെങ്കിലും പാലിച്ചിരിക്കണം. അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും മാര്‍ക്കറ്റിംഗ് വിഭാഗത്തിലും സ്ത്രീകള്‍ക്കും വംശീയമായി പ്രതിനിധാനം കുറഞ്ഞവര്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രതിനിധാനം ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കിയുള്ളതാണ് നിബന്ധനകള്‍. സിനിമയില്‍ അവതരിപ്പിക്കുന്ന കഥയില്‍ തന്നെ ഇത്തരം ഉള്ളടക്കം ഉണ്ടാവുന്നതിനെയും പ്രോത്സാഹിപ്പിക്കാനാണ് അക്കാദമിയുടെ തീരുമാനം. ഒപ്പം ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് ചിത്രത്തിന്‍റെ നിര്‍മ്മാണ, വിതരണ ഘട്ടങ്ങളില്‍ പെയ്‍ഡ് ഇന്‍റേണ്‍ഷിപ്പ് നല്‍കുന്നതും ഒരു മാനദണ്ഡമാക്കി മാറ്റിയിരിക്കുന്നു.
2022, 2023 വര്‍ഷങ്ങളിലെ ഓസ്കറിന് മികച്ച ചിത്രങ്ങളാവാന്‍ മത്സരിക്കുന്ന സിനിമകളുടെ അണിയറക്കാര്‍ ഈ പുതിയ മാനദണ്ഡങ്ങള്‍ തങ്ങള്‍ നടപ്പിലാക്കിയത് എങ്ങനെയെന്ന് വിശദീകരിച്ചുള്ള ഒരു ഫോം സമര്‍പ്പിക്കണം. 2024 മുതല്‍ രാഷ്ട്രീയമായ ഈ ഉള്‍ക്കൊള്ളലിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സിനിമകള്‍ മാത്രമേ 'ബെസ്റ്റ് പിക്ചര്‍' വിഭാഗത്തിലേക്ക് പരിഗണിക്കൂ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ