ഒടിടി റിലീസിന് മണിക്കൂറുകൾക്ക് മുമ്പേ 'പൊൻമകൾ വന്താൽ' വ്യാജപതിപ്പിറങ്ങി, ആശങ്ക

Published : May 29, 2020, 11:30 AM ISTUpdated : May 29, 2020, 11:40 AM IST
ഒടിടി റിലീസിന് മണിക്കൂറുകൾക്ക് മുമ്പേ 'പൊൻമകൾ വന്താൽ' വ്യാജപതിപ്പിറങ്ങി, ആശങ്ക

Synopsis

ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുന്നേ തമിഴ്റോക്കേഴ്സിൽ വന്നത് ചിത്രത്തിന്‍റെ എച്ച്ഡി പതിപ്പാണെന്നതാണ് ആശങ്കയാകുന്നത്. മലയാളത്തിൽ 'സൂഫിയും സുജാതയും' അടക്കം നിരവധി ചിത്രങ്ങൾ ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോൾ വ്യാജന്‍റെ ഭീഷണി എങ്ങനെ നേരിടുമെന്നതാണ് കണ്ടറിയേണ്ടത്. 

ചെന്നൈ: ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം പൊൻമകൾ വന്താൽ ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഓൺലൈനിൽ ചോർന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലാണ് പൊൻമകൾ വന്താലിന്‍റെ വ്യാജപതിപ്പ് വന്നത്. സിനിമയുടെ എച്ച്ഡി പതിപ്പ് തന്നെയാണ് തമിഴ്റോക്കേഴ്സിലെത്തിയത് എന്നതാണ് ആശങ്കയേറ്റുന്നത്.

അർദ്ധരാത്രി 12 മണിയോടെയാണ് 'പൊൻമകൾ വന്താൽ' റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഇത് കുറച്ച് സമയം വൈകിപ്പിച്ചിരുന്നു. പുലർച്ചെയോടെ സിനിമ റിലീസ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാൽ അർദ്ധരാത്രിയോടെ തന്നെ തമിഴ്റോക്കേഴ്സിൽ സിനിമ വന്നു. അതും എച്ച്ഡി പതിപ്പ്. 

തമിഴ് മുഖ്യധാരാസിനിമയിൽ ആദ്യമായി ഒടിടി വഴി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് ജ്യോതിക നായികയാകുന്ന പൊൻമകൾ വന്താൽ. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ടുഡി എന്‍റർടെയിൻമെന്‍റാണ് നിർമാണം. ഓൺലൈൻ റിലീസ് എന്നത് മികച്ച ആശയമാണെന്നാണ് ജ്യോതിക പ്രതികരിച്ചത്. ''2D എന്‍റർടെയ്ൻമെന്‍റ് എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിൽ മികച്ച ആശയങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒടിടി റിലീസിന് യോജ്യമായ നല്ല ആശയങ്ങൾ ലഭിച്ചാൽ, തീർച്ചയായും ആ സാധ്യത എന്നെ ആവേശം കൊള്ളിക്കുന്നതാണ്'', ജ്യോതിക പറഞ്ഞു.

പക്ഷേ, ഈ തീരുമാനത്തിന് വലിയ എതിർപ്പുകളുമുയർന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തീയറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ ചെറുസിനിമകൾ ഓൺലൈൻ വഴി റിലീസ് ചെയ്യാമെന്ന തീരുമാനത്തെ എതിർത്ത് തീയറ്ററുടമകൾ രംഗത്ത് വന്നിരുന്നു. ജ്യോതികയുടെ ചിത്രം ഓൺലൈനിൽ റിലീസ് ചെയ്താൽ, സൂര്യയുടെ 'സൂരരൈ പോട്ര്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന് തീയറ്ററുകൾ നൽകില്ലെന്നായിരുന്നു ഭീഷണി. പിന്നീട് സമവായ ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.

മലയാളത്തിൽ വിജയ് ബാബു നിർമ്മിച്ച് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' അടക്കം നിരവധി ചിത്രങ്ങൾ ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോൾ വ്യാജന്‍റെ ഭീഷണി എങ്ങനെ നേരിടുമെന്നതാണ് കണ്ടറിയേണ്ടത്. കേരളത്തിലും ഒടിടി റിലീസിനെതിരെ തിയറ്റർ ഉടമകൾക്കിടയിൽ എതിർപ്പുകളുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി