
തൃശ്ശൂർ: അന്തരിച്ച ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം. മൃതദേഹം രാവിലെ എട്ട് മണിക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. 10 മുതൽ 12 വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും. തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും.
പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുക ആയിരുന്നു.
അസുഖബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. 1965ൽ'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ