
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ശേഷവും പി പത്മരാജനോളം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. കാലം പൂര്‍ത്തിയാക്കും മുന്‍പേ മാഞ്ഞുപോയ ഗന്ധര്‍വ്വനെന്നും മലയാളത്തിലെ 'ന്യൂ വേവ്' സിനിമയുടെ തുടക്കക്കാരില്‍ ഒരാളെന്നുമൊക്കെ പുകഴ്ത്തുമ്പോഴും തീയേറ്ററുകളിലെത്തിയ കാലത്ത് വേണ്ടത്ര വിജയങ്ങള്‍ ലഭിക്കാതെ പോയിരുന്നു ആ സിനിമകള്‍ക്ക്. ഒരുപക്ഷേ പ്രതിഭ കൊണ്ട് കാലത്തിനു മുന്‍പേ സഞ്ചരിച്ചതാവാം അതിനു കാരണം. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകൾ സമ്മാനിച്ച ആ അതുല്യ കലാകാരന്റെ 80-ാം ജന്മവാർഷികമാണിന്ന്.
1945 മെയ് 23ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍ ആയിരുന്നു പത്മരാജന്റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള കലാലയ ജീവിതം തിരുവനന്തപുരത്ത് ആയിരുന്നു. എം ജി കോളേജിലും യൂണിവേഴ്‍സിറ്റി കോളേജിലുമായിട്ടായിരുന്നു പഠനം. കുട്ടിക്കാലത്ത് തന്നെ പത്മരാജന് വായനയോടുള്ള കമ്പം ഉണ്ടായിരുന്നു. ഗ്രാമത്തിലെ ലൈബ്രറികളിലെ നിത്യസന്ദര്‍ശകനായി അദ്ദേഹം മാറി. കോളേജ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് എത്തിയതോടെ വായന വളര്‍ന്നു. വായനയ്ക്കൊപ്പം എഴുത്തും ആരംഭിച്ചു.
ആനുകാലികങ്ങളിലെ കഥകളിലൂടെയാണ് പി പത്മരാജന്‍ എന്ന പേര് സഹൃദയനായ മലയാളി ആദ്യം ശ്രദ്ധിക്കുന്നത്. നക്ഷത്രങ്ങളേ കാവല്‍ എന്ന നോവലിന് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതോടെ അദ്ദേഹം പ്രശസ്തിയിലേക്കുള്ള പടവുകള്‍ കയറിത്തുടങ്ങി. അന്ന് 22 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം.
മൂന്ന് വര്‍ഷത്തിനു ശേഷം ഭരതന്‍ സംവിധാനം ചെയ്ത 'പ്രയാണ'ത്തിന് തിരക്കഥ രചിച്ചുകൊണ്ട് സിനിമയിലേക്ക് കാലേടുത്ത് വച്ചു. മരണം വരെ നീണ്ട ആഴമുള്ള സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു ആ സിനിമ. രതിനിര്‍വേദവും ലോറിയുമൊക്കെ ഈ കൂട്ടുകെട്ടില്‍ പിന്നാലെ വന്ന സിനിമകളാണ്.
1979ല്‍ പുറത്തുവന്ന 'പെരുവഴിയമ്പലം' ആയിരുന്നു പത്മരാജന്റെ ആദ്യ സംവിധാന ചിത്രം. അതേ പേരിലുള്ള സ്വന്തം നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. അന്ന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു ഈ ചിത്രം. 1981ല്‍ രണ്ട് സിനിമകളുമായി അദ്ദേഹം വീണ്ടുമെത്തി. ഒരിടത്തൊരു ഫയല്‍വാനും കള്ളന്‍ പവിത്രനും.
കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകളായിരുന്നു പത്മരാജന്‍ ചെയ്തവയില്‍ പലതും. സ്വവര്‍ഗാനുരാഗം സാമൂഹിക തലത്തില്‍ ചര്‍ച്ചയാകുന്നതിനും എത്രയോ മുന്‍പേ ഒരു പത്മരാജന്‍ ചിത്രം ആ വിഷയത്തെ തൊട്ടുപോയിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ദേശാടനക്കിളി കരയാറില്ല ആയിരുന്നു ആ ചിത്രം. നാര്‍കോ അനാലിസിസ് ഒക്കെ വാര്‍ത്തകളില്‍ നിറയും മുന്‍പേ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രത്തിലെ ഒരു സീക്വന്‍സില്‍ അതും പ്രത്യക്ഷപ്പെട്ടിരുന്നു.
സംവിധായകനായി വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ മാത്രമേ പി പത്മരാജന് പ്രവര്‍ത്തിക്കാനായുള്ളൂ. പക്ഷേ ഈ പന്ത്രണ്ടു വര്‍ഷത്തിനിടെ മലയാളി സിനിമാപ്രേമിക്ക് എക്കാലവും ഓര്‍ത്തിരിക്കാനാവുന്ന വൈവിധ്യമാര്‍ന്ന സിനിമകള്‍ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കരിയറില്‍ അദ്ദേഹം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച പ്രോജക്ട് ആയിരുന്നു 1991ല്‍ പുറത്തുവന്ന ഞാന്‍ ഗന്ധര്‍വ്വന്‍. വിഎഫ്എക്സിന്‍റെ സഹായമില്ലാതിരുന്ന കാലത്ത് ഗന്ധര്‍വ്വ സങ്കല്‍പ്പത്തെയൊക്കെ അദ്ദേഹം മണ്ണിലിറക്കി. പക്ഷേ ചിത്രം തീയേറ്ററില്‍ ശ്രദ്ധ നേടിയില്ല. അദ്ദേഹത്തിന് വലിയ നിരാശയുണ്ടാക്കിയ പരാജയമായിരുന്നു അത്. സിനിമ തീയേറ്ററുകളില്‍ തുടരുന്നതിനിടെ ആയിരുന്നു മരണം. കോഴിക്കോട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ മരണപ്പെട്ട വാര്‍ത്ത കേരളത്തിന്‍റെ സാംസ്കാരിക ലോകം നടുക്കത്തോടെ അന്ന് കേട്ടു.
വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ മാത്രമാണ് സംവിധായകനായി പത്മരാജന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. തിരക്കഥാകൃത്തായി ഉണ്ടായിരുന്ന കാലം കൂടി കൂട്ടിയാല്‍ 16 വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതം. പക്ഷേ മറ്റൊരാള്‍ക്ക് അനുകരിക്കാനാവാത്ത സിനിമകളാണ് അക്കാലത്തിനിടെ അദ്ദേഹം സമ്മാനിച്ചത്. അതുകൊണ്ടു തന്നെ പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ആ സിനിമകൾ ഇന്നും മലയാള മനസിൽ കുടികൊള്ളുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ