ഡബ്ല്യുസിസി വരുന്നതുവരെ ഞങ്ങളൊക്കെ ചെറു തുരുത്തുകളായിരുന്നു: പാര്‍വ്വതി

By Web TeamFirst Published Oct 23, 2020, 8:03 PM IST
Highlights

"സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു.."

ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നുവെന്ന് പാര്‍വ്വതി തിരുവോത്ത്. പുരുഷാധിപത്യമുള്ള സിനിമാ മേഖലെ സ്ത്രീകളെ പരസ്പരം ഇടകലരുന്നതില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. ഓപണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം.

"സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു. ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു", പാര്‍വ്വതി പറയുന്നു.

സിനിമകള്‍ സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് തിരക്കഥ വായിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതിനെ പലരും പരിസഹിച്ചിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. "തിരക്കഥ വായിച്ചതിനു ശേഷമേ കരാര്‍ ഒപ്പിടൂ, അല്ലേ എന്ന് വളരെ പരിഹാസത്തോടെയാണ് എനിക്കുനേരെ ചോദ്യമുയര്‍ന്നിരുന്നത്. എന്താണ് അവതരിപ്പിക്കാനുള്ളതെന്ന് അറിയാനായി തിരക്കഥ വായിക്കുന്നത് ഒരു വ്യക്തിയുടെ അവകാശം പോലുമല്ല എന്ന മട്ടിലായിരുന്നു ആ ചോദ്യങ്ങള്‍. പുതുമുഖങ്ങളെ സംബന്ധിച്ചാണെങ്കില്‍ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ഔദാര്യം പോലെയാണ് അവസരങ്ങളെക്കുറിച്ച് അവരെ തോന്നിപ്പിച്ചിരുന്നത്", പാര്‍വ്വതി പറയുന്നു.

click me!