'അത്രയും ഇരുണ്ട നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്, ആത്മഹത്യാ പ്രവണതകൾ ഉണ്ടായിരുന്നു..'; മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Published : Jan 16, 2026, 12:45 PM IST
Parvathy Thiruvothu

Synopsis

2021-ൽ കടുത്ത ഒറ്റപ്പെടലും ആത്മഹത്യാ പ്രവണതകളും നേരിട്ടതായി പാർവതി

മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ചിന്തിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടുവരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സിനിമാതാരങ്ങളടക്കം നിരവധി പേർ മാനസികാരോഗ്യത്തെ കുറിച്ച് മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാനസികാരോഗ്യത്തെ കുറിച്ചും തെറാപ്പി സെഷനുകളെ കുറിച്ചും പാർവതി തിരുവോത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ട് മുൻവിധികളില്ലാതെ തന്നെ കേൾക്കുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും,അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ അമേരിക്കയിൽ നിന്നുള്ള തെറാപ്പിസ്റ്റുകളാണ് തനിക്കുണ്ടായിരുന്നതെന്നും പാർവതി പറയുന്നു. 2021-ൽ ആത്മഹത്യാ പ്രവണതകൾ വരെ നേരിട്ടതായും കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചതായും അവർ വെളിപ്പെടുത്തി. അനുയോജ്യമായ തെറാപ്പിസ്റ്റിനെ കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും, ഇപ്പോൾ ഇ.എം.ഡി.ആർ ഉൾപ്പെടെ രണ്ട് തരം തെറാപ്പികൾ ചെയ്യുന്നുണ്ടെന്നും, ഒരു 'ട്രോമ ഇൻഫോംഡ്' തെറാപ്പിസ്റ്റിന്റെ സഹായത്തോടെയുള്ള ഈ ചികിത്സ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും പാർവതി വ്യക്തമാക്കി.

"എനിക്ക് തെറാപ്പി ഇഷ്ടമാണ്. തെറാപ്പിയുള്ളതിന് ദൈവത്തിന് നന്ദി. പക്ഷേ, ഇപ്പോഴുള്ള തെറാപ്പിസ്റ്റിനെ ലഭിക്കുന്നത് വരെ എനിക്ക് കുറെയധികം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ മുൻവിധികളില്ലാതെ എന്നെ കാണുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുകയെന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ആദ്യകാല തെറാപ്പിസ്റ്റുകൾ യുഎസിൽ നിന്നുള്ളവരായിരുന്നു. അവരുടെ സമയത്തിന് അനുസരിച്ച് പുലർച്ചെ 1 മണിക്കും 2 മണിക്കുമാണ് സെഷനുകൾ നടന്നിരുന്നത്.

എന്റെ തെറാപ്പിസ്റ്റുകൾ എനിക്ക് തന്ന രണ്ട് മൂന്ന് കാഴ്ചപ്പാടുകൾ ഞാൻ പറയാം. ഏഷ്യൻ തെറാപ്പിസ്റ്റുകൾക്ക് മാത്രമേ ഏഷ്യക്കാരെ ശരിയായി ചികിത്സിക്കാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇന്റർനാഷനൽ തെറാപ്പി നമ്മുടെ നാട്ടിലെ ആളുകളിൽ അത്ര ഫലപ്രദമാകണമെന്നില്ല. കാരണം നമ്മുടെ ഇവിടെയുള്ള രീതികൾ തികച്ചും വ്യത്യസ്തമാണ്. പക്ഷേ, അവിടെയും ഒരു പ്രശ്നമുണ്ട്. ചില ‘റെഡ് ഫ്ലാഗ്സ്’ ഉള്ള നാട്ടിലെ തെറാപ്പിസ്റ്റുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. കാരണം നമ്മുടെ സംസ്കാരത്തിന്റെ നൂലാമാലകൾ അവർക്ക് കൃത്യമായി അറിയാം, അത് ഉപയോഗിച്ച് അവർക്ക് നമ്മെ കൂടുതൽ കുഴപ്പത്തിലാക്കാൻ സാധിക്കും. അത് സത്യമാണ്." പാർവതി പറയുന്നു.

"സത്യം പറഞ്ഞാൽ ആ പ്രക്രിയയിലൂടെ കടന്നുപോകുന്നത് വലിയ വേദനയായിരുന്നു. ആ സമയത്ത് ഞാൻ വല്ലാതെ ഒറ്റപ്പെട്ടുപോയി. ഞാൻ പുതിയ തെറാപ്പിസ്റ്റുകളെ പരീക്ഷിക്കുകയാണെന്ന് സുഹൃത്തുക്കളോട് പറയുമായിരുന്നു, പക്ഷേ ഒന്നും ശരിയാകുന്നുണ്ടായിരുന്നില്ല. എന്നെ ഇനി മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു. അത്രയും ഇരുണ്ട നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ആത്മഹത്യാ പ്രവണതകൾ വളരെ കൂടുതലായിരുന്നു.

അത് 2021-ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അത് വളരെ അടുത്താണെന്ന് തോന്നാം. 2022 ജനുവരി, ഫെബ്രുവരി മാസങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഒരു മങ്ങൽ പോലെയാണ് ഓർമയിലുള്ളത്. ഫോൺ ഗാലറി നോക്കുമ്പോൾ മാത്രമാണ് ആ സമയത്ത് നടന്ന കാര്യങ്ങൾ എനിക്ക് തിരിച്ചറിയാൻ കഴിയുന്നത്. പക്ഷേ ഇപ്പോൾ തെറാപ്പി എനിക്ക് ഗുണകരമാകാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഞാൻ രണ്ട് തരം തെറാപ്പികൾ ചെയ്യുന്നുണ്ട്. ഒന്ന് ഇ.എം.ഡി.ആർ (ഐ മൂവ്‌മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്) ആണ്, അത് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഒരു 'ട്രോമ ഇൻഫോംഡ്' തെറാപ്പിസ്റ്റാണ് എനിക്കുള്ളത്." പാർവതി പറയുന്നു.

"എന്റെയുള്ളിലെ ശക്തിയെ പറ്റിയും, അപമാനഭാരം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ ഇ.എം.ഡി.ആർ വഴി അവർ മാറ്റിമറിക്കുന്നു. കൂടാതെ എനിക്കൊരു സെക്സ് തെറാപ്പിസ്റ്റും ഉണ്ട്. ചുരുക്കത്തിൽ ജോലി, സുഹൃത്തുക്കൾ, കുടുംബം, പിന്നെ എന്നെത്തന്നെ കൂടുതൽ അറിയാനുള്ള ഈ പരിശ്രമങ്ങൾ ഇതുകൊണ്ടെല്ലാം എന്റെ ജീവിതം ഇപ്പോൾ മാറിയിട്ടുണ്ട്. മുപ്പതുകളുടെ അവസാനമാകുമ്പോൾ നമ്മൾ നമ്മളോട് തന്നെ കൂടുതൽ അടുക്കുമെന്ന് ആളുകൾ പറയുന്നത് ശരിയാണ്. അപ്പോൾ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം പോലും മാറും. ജീവിതം കുറച്ചുകൂടി സംതൃപ്തമായി തോന്നും." പാർവതി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പ്രണയ ദിനത്തില്‍ ആ യുവ താരവുമായി വിവാഹത്തിന് ഒരുങ്ങി ധനുഷ്
ലക്കി ഭാസ്കറിന് ശേഷം തെലുങ്കിൽ തിളങ്ങാൻ ദുൽഖർ; 'ആകാശം ലോ ഒക താര' ഒടിടി അപ്‌ഡേറ്റ്