
ഇന്ദ്രൻസ് എന്ന നടൻ ഓരോ സിനിമകളിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അസാധാരണ അഭിനയ മുഹൂർത്തങ്ങളുമായി ഇപ്പോഴിതാ 'അനന്തൻ കാട്' എന്ന സിനിമയിൽ കൃഷ്ണൻകുട്ടി അണ്ണൻ എന്ന കഥാപാത്രമായി ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. 'ടിയാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ചെങ്കൽ ചൂള കോളനിയിലെ ചൂളം ഗാനമേള ട്രൂപ്പിന്‍റെ മേധാവിയായാണ് ഇന്ദ്രൻസ് എത്തിയിരിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് അദ്ദേഹം തന്നെ മറക്കാനാഗ്രഹിക്കുന്നൊരു ഭൂതകാലമുണ്ട്.
പല അടരുകളുള്ളൊരു ക്യാരക്ടർ ആർക്കാണ് രചയിതാവായ മുരളി ഗോപി അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. തീ കത്തിച്ച് ബീഡിയിലേക്ക് പകരുന്ന അദ്ദേഹത്തിന്‍റെ ഇൻട്രോയിൽ തന്നെ കൃഷ്ണൻകുട്ടി ആരാണ്, എന്താണ് എന്ന് വായിച്ചെടുക്കാം. ചൂളയിലെ പ്രധാന ഗുണ്ടാ സംഘത്തിന്‍റെ നേതാവായ അദ്ദേഹം പക്ഷേ ചോരക്കളികള്‍ എല്ലാം അവസാനിപ്പിച്ച് നല്ല പാതയിൽ നടക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അതിനിടയിൽ ഒട്ടേറെ കാര്യങ്ങൾ സംഭവിക്കുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
ഗ്രേ ഷെയ്ഡിലുള്ള കൃഷ്ണേട്ടൻ എന്ന കഥാപാത്രം ഇന്ദ്രൻസിന്‍റെ കൈയ്യിൽ ഭദ്രമാണ്. ഗാനമേള മാസ്റ്ററായും ക്വട്ടേഷൻ സംഘത്തിന്‍റെ മാസ്റ്റർ ബ്രെയിനായും ഇതുവരെ കാണാത്ത വിധത്തിലുള്ള അതിഗംഭീര പകർന്നാട്ടമാണ് ഇന്ദ്രൻസ് നടത്തിയിരിക്കുന്നത്. ഒപ്പമുള്ള തങ്കരാജ്, മുരളി, ജാക്സൺ എന്നിവരെ സ്വന്തം മക്കളെപ്പോലെ ചേർത്തുനിർത്തുന്നുണ്ട് കൃഷ്ണൻകുട്ടി, അവർക്ക് തിരിച്ചും ഒരു അച്ഛൻ അല്ലെങ്കിൽ ജ്യേഷ്ഠൻ, അതാണ് അദ്ദേഹം. ഏത് കാര്യത്തിലും അണ്ണൻ ആണ് അവരുടെ അവസാന വാക്ക്.
ഞെട്ടിക്കുന്ന അഭിനയമാണ് ഓരോ രംഗങ്ങളിലും അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. മുരളി ഗോപി എഴുതിയിരിക്കുന്ന തീപ്പൊരി ഡയലോഗുകള്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും നമ്മള്‍ ഇന്ദ്രൻസിന്‍റെ ശബ്‍ദത്തിൽ കേള്‍ക്കുന്നത്. ത്രസിപ്പിക്കുന്നുണ്ട് ഓരോ സീനിലും അദ്ദേഹത്തിന്‍റെ അസാമാന്യമായ സംഭാഷണങ്ങള്‍. എന്തും നെഞ്ചും വിരിച്ച് നേരിടാനുള്ള ചങ്കൂറ്റം അദ്ദേഹത്തിന്‍റെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാനാകും. വൈകാരിക രംഗങ്ങളിലടക്കം അദ്ദേഹം സ്കോർ ചെയ്യുന്നുണ്ട്.
തങ്കരാജായി മുരളി ഗോപിയും വെട്രിയായി ആര്യയും ജാക്സണായി അപ്പാനി ശരത്തും മുരളിയായി ദേവ് മോഹനും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം വിജയരാഘവന്‍റേതാണ്. തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സുനിലും മികച്ച കഥാപാത്രമായാണ് ചിത്രത്തിലുള്ളത്. സ്ത്രീ കഥാപാത്രങ്ങളിൽ ശാന്തി ബാലചന്ദ്രനും നിഖില വിമലും സ്കോർ ചെയ്തിട്ടുണ്ട്.
എസ്. യുവയാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വാരിയത്താണ് എഡിറ്റർ. ബി. അജനീഷ് ലോക്നാഥ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചതാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ