ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Dec 05, 2025, 11:05 PM IST
pharma malayalam web series trailer and release date nivin pauly jio hotstar

Synopsis

നിവിന്‍ പോളി തന്‍റെ കരിയറിലെ ആദ്യ വെബ് സിരീസായ 'ഫാര്‍മ'യുമായി എത്തുന്നു. പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഈ സിരീസ് ഫാര്‍മസ്യൂട്ടിക്കല്‍ ലോകത്തിന്‍റെ കഥയാണ് പറയുന്നത്. 

നിവിന്‍ പോളി തന്‍റെ കരിയറിലെ ആദ്യ വെബ് സിരീസുമായി എത്തുകയാണ് പ്രേക്ഷകരിലേക്ക്. പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന സിരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ഇപ്പോഴിതാ സിരീസിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്. ഒപ്പം സ്ട്രീമിംഗ് തീയതിയും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബര്‍ 19 ന് സിരീസ് പ്രദര്‍ശനം ആരംഭിക്കും, മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും സിരീസ് എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിന്‍റെ ലോകം പശ്ചാത്തലമാക്കുന്ന സിരീസ് ആണ് ഇത്.

ഫൈനല്‍സ് എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പി ആര്‍ അരുണ്‍. നിവിന്‍ പോളിയുടെ ശ്രദ്ധേയ കഥാപാത്രമായിരിക്കും സിരീസിലേതെന്നാണ് സൂചന. പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇത് അണിയറക്കാര്‍ വഴിയേ പുറത്തുവിടും.

ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയായാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നിവിന്‍ പോളി പറഞ്ഞിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന്‍റെ 25-ാം വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്‍റെ സന്തോഷമാണ് രജിത് കപൂറിന്. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാര്‍മയെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം. താന്‍ ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ഇതെന്നും പി ആര്‍ അരുണ്‍ പറഞ്ഞിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ പുറത്തെത്തിയ രണ്ട് സീസണുകള്‍ക്കും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതില്‍ രണ്ടാമത്തെ സീസണായ ദി സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജുവിന് തിരക്കഥയൊരുക്കിയത് കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് ആയിരുന്നു.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാളത്തില്‍ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ ആരംഭിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ മുന്‍നിര നായകതാരങ്ങള്‍ അത്തരം പ്രോജക്റ്റുകളില്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. അതിനൊരു മാറ്റവുമായാണ് നിവിന്‍ പോളി ഫാര്‍മയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ