Latest Videos

'കലാപ്രവര്‍ത്തകരുടെ സഹകരണത്തില്‍ സന്തോഷം'; മോഹന്‍ലാലിന്‍റെ കത്തിനെക്കുറിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 3, 2020, 8:01 PM IST
Highlights

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ നേരത്തെ സംഭാവന നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്.."

കൊവിഡ് പ്രതിരോധ ഘട്ടത്തില്‍ കലാപ്രവര്‍ത്തകര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹന്‍ലാലും മഞ്ജു വാര്യരുമുള്‍പ്പെടെ പങ്കാളിത്തം വഹിച്ച ഒരു കൊവിഡ് ബോധവത്കരണ ഗാനം ഇന്നത്തെ വാര്‍ത്താസമ്മേളനത്തിനിടെ പ്രകാശനം ചെയ്യുകയുമുണ്ടായി അദ്ദേഹം. ഇക്കാര്യം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ തനിക്ക് കത്തെഴുതിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

"പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ലാലിന്‍റെ ഒരു കത്ത് കിട്ടിയിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ചില കലാകാരന്മാര്‍ ഒരുക്കിയ ഒരു ഗാനം പ്രകാശിപ്പിക്കണമെന്നാണ് ആദ്ദേഹം ആവശ്യപ്പെട്ടത്. മറുനാടുകളില്‍ നിന്ന് ധാരാളമായി മടങ്ങിയെത്തുന്ന മലയാളികളെ ഇവിടുത്തെ പുതിയ ജീവിതശൈലികളിലേക്ക് സ്വാഗതം ചെയ്യുന്ന ഈ ഗാനം കെ എസ് ചിത്ര, മഞ്ജു, വാര്യര്‍, രമ്യ നമ്പീശന്‍, അശോകന്‍, മധു ബാലകൃഷ്ണന്‍, മനോജ് കെ ജയന്‍, എന്നിവരാണ് പാടിയിട്ടുള്ളത്. ശ്രീ മോഹന്‍ലാലിന്‍റെ സ്വരവും ഇതിലുണ്ട്. ആര്‍ഭാടവും സ്വാര്‍ഥതയും മാറ്റിവച്ച് സാഹോദര്യത്തില്‍ ഒരുമിക്കുക എന്നതാണ് ഗാനത്തിന്‍റെ സന്ദേശമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. പല ഭാഗങ്ങളിലായി ഇരുന്ന് കലാപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഈ ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ ശരത് ആണ്. ചേരാവള്ളി ശശിയുടേതാണ് വരികള്‍. ദൃശ്യചിത്രീകരണവുമുണ്ട്. പാരീസ് ലക്ഷ്മ, പള്ളിപ്പുറം സുനില്‍ എന്നീ കലാപ്രവര്‍ത്തകരാണ് ദൃശ്യത്തിലുള്ളത്. കൊവിഡ് പ്രതിരോധ ഘട്ടത്തില്‍ കലാപ്രവര്‍ത്തകര്‍ പലവിധത്തില്‍ സഹകരിക്കുന്നു എന്നത് കാണുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് ഈ ഗാനചിത്രം സന്തോഷപൂര്‍വ്വം പ്രകാശനം ചെയ്തതായി അറിയിക്കുന്നു", മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ നേരത്തെ സംഭാവന നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്. 

click me!