ജയിച്ചത് ആമയോ മുയലോ?, കഥ പറഞ്ഞ് വിനയ് ഫോര്‍ട്ട്- വീഡിയോ

By Web TeamFirst Published Apr 20, 2020, 9:21 PM IST
Highlights

കുട്ടികള്‍ക്കായി കഥ പറഞ്ഞ് വിനയ് ഫോര്‍ട്ടിന്റെ വീഡിയോ.

ഞാൻ ഒരു കഥ പറയാം. പലരും എപ്പോഴെങ്കിലും പറഞ്ഞതോ കേട്ടതോ ആയ വാചകമായിരിക്കും ഇത്. എപ്പോഴോ അതില്ലാതായി. 'കഥ' കഴിഞ്ഞു. കൂട്ടുകുടുംബം ഇല്ലാതാവുകയോ കളിക്കൂട്ടങ്ങള്‍ കുറയുകയോ ചെയ്‍തപ്പോഴായിരിക്കും കഥയുടെ 'കഥ' കഴിഞ്ഞത്. ലോക്ക് ഡൗണ്‍ കാലത്തോ?. വായന തിരിച്ചുവന്നതിനെ കുറിച്ച് പലരും പറയുന്നുണ്ട്. പോഡ്‍കാസ്റ്റുകളായൊക്കെ കഥകള്‍ കുട്ടികളുടെ കാതിലേക്ക് വീണ്ടുമെത്തുന്നുണ്ട്. കൊവിഡിന്റെ ദുരിതത്തിന് അതിരിടാൻ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ കഥക്കൂട്ടുകളുമായി എത്തിയ ഒരു കൂട്ടരുണ്ട്. ദേവേന്ദ്രനാഥ് ശങ്കരനാരായണന്റെ നേതൃത്വത്തിൽ ഇൻസൈഡ് ഔട്ട് പെർഫോമൻസ് ആണ് കഥ പറച്ചിലുകളുമായി എത്തിയത്. പ്‌ളേ എവെ കൊറോണ എന്ന  യൂട്യൂബ് വീഡിയോ സിരീസിലൂടെയാണ് കഥകള്‍ വീണ്ടും കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും എത്തിയത്. കഥ പറച്ചലിന് പ്രചോദനമായത് സണ്ണി വെയ്‍നും. ഇന്ന് കഥ പറഞ്ഞിരിക്കുന്നത് നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തി ശ്രദ്ധ നേടിയ വിനയ് ഫോര്‍ട്ട് ആണ്. 

മകൻ വിഹാനും വിനയ് ഫോര്‍ട്ടുമാണ് വീഡിയോയിലുള്ളത്. വിഹാന് കഥ പറഞ്ഞുകൊടുക്കുകയാണ് വിനയ്. പഴയ ഗുണപാഠ കഥ തന്നെ. ആമയുടെയും മുയലിന്റെയും കഥ. കുറച്ചൊക്കെ കഥ വിഹാന് അറിയാം. വിനയ് കഥ പറയുമ്പോള്‍ വിഹാൻ അത് പൂരിപ്പിക്കുന്നുണ്ട്. പക്ഷേ അക്കഥ അറിയാത്ത എത്രയോ പേരുണ്ട്. അങ്ങനെയുള്ളവരിലേക്കും എത്തിക്കുകയാണ് പ്‌ളേ എവെ കൊറോണ സിരീസിലൂടെ ഒട്ടേറെ കഥകള്‍. 

എല്ലാവരും വീട്ടിലിരിപ്പ് തുടങ്ങും മുന്നേയാണ് പ്‌ളേ എവെ കൊറോണ എന്ന സിരീസ് തുടങ്ങിയത്. വ്യക്തികളുടെ മാനസികസംഘർഷങ്ങൾ ലഘൂകരിച്ച്, കുടുംബബന്ധങ്ങൾ ഊഷ്‍ളമാക്കാൻ  സഹായകരമായ നിരവധി മാർഗങ്ങളാണ് ഇൻസൈഡ് ഔട്ട് പെർഫോമൻസ് കളക്ടീവ് പ്‌ളേ എവെ കൊറോണ സിരീസിലൂടെ ആലോചിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാവുന്ന രീതിയിൽ  തിയേറ്റർ ഗെയിമുകളുമായാണ്  പ്‌ളേ എവെ കൊറോണ ആരംഭിച്ചത്.

മാർച്ച് 27ന് ലോകനാടക ദിനത്തില്‍ "കഥയമമ" എന്ന വിഭാഗം കൂടി ആരംഭിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന കഥകളുടെ ആഖ്യാന പരമ്പരയായിട്ടാണ് ഇത് തുടങ്ങിയത്.  നാടക പ്രവർത്തകനും നടനുമായ മനു ജോസ് കഥ പറഞ്ഞുകൊണ്ടാണ് കഥയുടെ ചങ്ങലയ്‍ക്ക് തുടക്കമിട്ടത്.  ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ  ആളുകൾക്കായി അവരവരുടെ ഭാഷകളിലുള്ള കഥകളാണ് പറയുന്നത്. എറണാകുളത്തെ കണയന്നൂർ വായനശാലയിലെ വായന കൂട്ടത്തിലെ കുരുന്നുകൾ മുതൽ നാഷണൽ സ്‍കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ പത്മശ്രീ റാം ഗോപാൽ ബജാജ്, തമിഴ് ചലച്ചിത്ര താരം കലൈ റാണി,  ഭാഗ്യനാഥ്, തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരി തുടങ്ങി നിരവധി ആളുകളാണ് തങ്ങൾക്ക് ഇഷ്‍ടപ്പെട്ട കഥകൾ പ്രേക്ഷകരുമായി  പങ്കുവയ്ക്കുന്നത്. കോഴിക്കോട് സാമൂതിരി സ്‍കൂളിലെ കുട്ടികള്‍ക്കായി നടൻ സണ്ണി  വെയ്‍ൻ കഥാപുസ്‍തകങ്ങള്‍ നല്‍കിയ ഓര്‍മ്മയില്‍ നിന്നാണ് കഥയമമയുടെ തുടക്കമെന്നും ഇൻസൈഡ് ഔട്ട് പെര്‍ഫോര്‍മൻസിന്റെ സംഘാടകര്‍ പറയുന്നു.  അമ്പതിനായിരം രൂപയായിരുന്നു പുസ്‍തകം വാങ്ങാൻ സണ്ണി വെയ്ൻ കുട്ടികള്‍ക്ക്  നല്‍കിയത്. അതൊരു തുടക്കമായിരുന്നു. കുട്ടികള്‍ വീണ്ടും കഥകളുടെ വഴിയിലേക്ക് എത്തിയെന്നും  ഇൻസൈഡ് ഔട്ട് പെര്‍ഫോര്‍മൻസിന്റെ സംഘാടകര്‍ പറയുന്നു.

കഥയമമ യുടെ ടൈറ്റിൽ സോങ് എഴുതിയിരിക്കുന്നത്   ഗാനരചയിതാവ്  മനു മഞ്‍ജിത് ആണ്. സംഗീതം നൽകി ആലപിച്ചത് സംവിധായകൻ സുദീപ് പാലനാടും.കൊവിഡ് വ്യാപനത്തിന്റെ  കാലത്ത് ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യവും. വിരസതയിലേക്കും വിഷാദത്തിലേക്കും വീഴാൻ സാധ്യതയുള്ള മനസ്സുകളെ ക്രിയാത്മകമായി പ്രചോദിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ആലോചനകളുണ്ടായതെന്ന് ഇൻസൈഡ് ഔട്ട് പെർഫോമൻസ് കളക്ടീവിന്റെ ഫൗണ്ടറും   പൂനെ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള SKIFT ന്റെ ബേസിക്  ആക്ടിങ് കോഴ്സ്  ഡയറക്ടറുമായ  ദേവേന്ദ്രനാഥ് ശങ്കരനാരായണൻ  പറയുന്നു.

click me!