
കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ വച്ച് നടിമാർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സിനിമയുടെ പ്രമോഷൻ പരിപാടി നടന്ന ഹാളിലെയുൾപ്പെടെ ദൃശ്യങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങളിലുള്ള പ്രതികളെക്കുറിച്ച് കാര്യമായ സൂചനയില്ലെന്നാണ് വിവരം.
സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ രണ്ട് നടിമാർക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പുലർച്ചെയാണ് കണ്ടാലറിയാവുന്ന രണ്ടാളുകൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തത്. അന്വേഷണത്തിന്‍റെ തുടർനടപടികളുടെ ഭാഗമായി പരിപാടി നടന്ന ഇടനാഴി, ഇവിടെക്കുളള വഴികൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസ് ശേഖരിച്ചിരിക്കുന്നത്.
ഈ ക്യാമറകളിൽ വിദൂര ദൃശ്യങ്ങളായതിനാൽ അതിക്രമം നടത്തിയത് ആരെന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. കൂടുതൽ വ്യക്തതക്ക് വേണ്ടി സമീപത്തുളള മറ്റ് കടകളിൽ നിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ഉടൻ ശേഖരിക്കും. അതിക്രമം നടത്തിയ ഒരാൾക്കെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിന്‍റെ മുഴുവൻ ദൃശ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് സ്ഥിരീകരിക്കുന്നതിന്‍റെ ഭാഗമായി സൈബർ വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധക്ക് ഉടൻ തുടക്കമിടും. പ്രമോഷൻ പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങൾ ഉടൻ തന്നെ കൈമാറണമെന്ന് സംഘാടകർക്ക് അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ പരിശോധിച്ചാലേ അതിക്രമം കാണിച്ചവരെ കൃത്യമായി മനസ്സിലാക്കാൻ കഴിയൂ.
പരിപാടി നടന്ന മാളിലെത്തി പൊലീസുദ്യോഗസ്ഥർ നാളെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. നിലവിൽ ലഭ്യമായ ദൃശ്യങ്ങളിൽ നിന്നും അതിക്രമം നടത്തിയ ഒരാളുടെ ദൃശ്യങ്ങൾ ലഭ്യമുണ്ടെന്നും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല. സംഭവദിവസം മാളിൽ നിന്നുള്ള പരമാവധി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കൃത്യമായി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ