'നമ്പി' എന്ന ചാരനായി ജയറാം, പ്രതിനായിക 'മന്ദാകിനി'യായി ഐശ്വര്യ റായ്; 'പൊന്നിയിന്‍ സെല്‍വന്‍' കഥാപാത്രങ്ങള്‍

By Web TeamFirst Published Aug 4, 2021, 7:19 PM IST
Highlights

കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 

ഇന്ത്യന്‍ സിനിമയിലെ തന്നെ വരാനിരിക്കുന്ന വമ്പന്‍ പ്രോജക്റ്റുകളിലൊന്നാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. വലിയ കാന്‍വാസില്‍ വന്‍ താരനിരയുമായി എത്താനിരിക്കുന്ന ചിത്രത്തിലെ ചില താരങ്ങളുടെ ക്യാരക്റ്റര്‍ ലുക്കുകള്‍ ഇതാ പുറത്തെത്തിയിരിക്കുകയാണ്. വികടന്‍ മാസികയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്.

 

ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ് തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങളുടെ ലുക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. 'ആഴ്വാര്‍കടിയന്‍ നമ്പി' എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'സെംബിയന്‍ മദേവി' എന്ന കഥാപാത്രത്തിന്‍റെ ചാരനാണ് ഈ കഥാപാത്രം. ശരീരം ക്ഷീണിപ്പിച്ച് കുടുമയും പൂണൂലുമൊക്കെയായാണ് ജയറാം നമ്പിയായി എത്തുക. 

'നന്ദിനി/ മന്ദാകിനി' എന്ന പ്രതിനായികാ കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കേണ്ടിയിരുന്ന 'സുന്ദര ചോഴരെ' അവതരിപ്പിക്കുന്നത് പ്രകാശ് രാജ് ആണ്.

 

'ആദിത്യ കരികാലന്‍' ആയാണ് വിക്രം എത്തുന്നത്. 'അരുള്‍മൊഴി വര്‍മ്മന്‍' ആണ് ജയംരവിയുടെ കഥാപാത്രം. 'വന്ദിയതേവന്‍' ആണ് കാര്‍ത്തിയുടെ കഥാപാത്രം. വന്ദിയതേവന്‍റെ നായികയും ചോഴ രാജകുമാരിയുമായ 'കുന്ദവി' ആണ് തൃഷയുടെ കഥാപാത്രം.

'പെരിയ പലുവേട്ടരായര്‍' ആയാണ് ശരത്കുമാര്‍ എത്തുന്നത്. ചിന്ന പലുവേട്ടരായര്‍ എന്നാണ് പാര്‍ഥിപന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 

 

മറ്റു കഥാപാത്രങ്ങളും താരങ്ങളും

ഐശ്വര്യലക്ഷ്‍മി- പൂങ്കുഴലി

ലാല്‍- മലയമാന്‍

പ്രഭു- അനിരുദ്ധ ഭ്രമരായര്‍

റിയാസ് ഖാന്‍- സോമന്‍ സാംബവാന്‍ (പ്രതിനായകന്‍)

കിഷോര്‍- രവിദാസന്‍ (പ്രതിനായകന്‍)

വിക്രം പ്രഭു- കാന്ദന്‍ മാരന്‍

റഹ്‍മാന്‍- പാര്‍ഥിപേന്ദ്ര പല്ലവര്‍

 

കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യഭാഗം അടുത്ത വര്‍ഷം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വികടന്‍)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!