ഭാര്യയുടെ വിയോ​ഗത്തിന് പിന്നാലെ നൗഷാദും; സിനിമയിലെയും 'ബിഗ് ഷെഫ്' വിട പറയുമ്പോള്‍

By Web TeamFirst Published Aug 27, 2021, 11:23 AM IST
Highlights

ശരീരം പോലെ വിശാലമായ സൗഹൃദങ്ങൾക്കും ഉടമയാണ് നൗഷാദ്. രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിൽ എണ്ണമറ്റ സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു.

പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ കെ നൗഷാദിന്റെ വിയോ​ഗ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പാചക മേഖലയിലെ വൈവിധ്യങ്ങളിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ ആളുകൂടിയാണ് നൗഷാദ്. മാസ്റ്റർ ഷെഫ് ടെലിവിഷൻ പരിപാടികൾ പോലെ തന്നെ നൗഷാദ് നിർമ്മിച്ച സിനിമകളും ശ്രദ്ധേയമായിരുന്നു.

തിരുവല്ല നഗരത്തിൽ വർഷങ്ങൾക്ക് മുമ്പ് അച്ഛൻ കെപി കനി തുടങ്ങിയ ഹോട്ടലിൽ നിന്നാണ് നൗഷാദിന്റെ പാചക യാത്രയുടെ തുടക്കം. ഹോട്ടൽ വ്യവസായവും കാറ്ററിങ് സർവീസിലും സ്വന്തമായൊരിടം നൗഷാദ് സ്വന്തമാക്കി. പാചക വീഡിയോകളിലുടെ വ്ലോഗർമാർ യൂട്യൂബ് കയ്യടക്കാൻ ശ്രമിക്കുന്ന കാലത്തും മലയാളിയുടെ മനസിൽ മായാതെ കിടക്കുന്നത് വലിയ ശരീരമുള്ള നൗഷാദിന്റെ മുഖവും ശൈലിയുമാണ്. ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്നതും നൗഷാദിനെ തന്നെ. നൗഷാദിന്റെ രുചി അറഞ്ഞ പ്രമുഖരിൽ ഉപരാഷ്ട്രപതി വെങ്കയ നായുഡു വരെയുണ്ട്.

സംവിധായകൻ ബ്ലെസിയുടെ ആദ്യ സിനിമ കാഴ്ചയുടെ നിർമ്മാതാവായാണ് നൗഷാദിന്റെ മലയാള സിനിമയിലേക്കുള്ള വരവ്. സ്കൂളിലും കോളജിലും നൗഷാദിന്റെ സഹപാഠിയായിരുന്നു ബ്ലെസി. ഇവരുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 'കാഴ്ച' നിരവധി ആവാർഡുകളും വാരിക്കൂട്ടി. പാചക കലയിലെ അഗ്രഗണ്യൻ സിനിമയിലും ബി​ഗ് ഷെഫായി മാറി. തന്റെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രങ്ങളിൽ ഭൂരിഭാ​ഗവും ഹിറ്റ് ചാട്ടിൽ ഇടംനേടിയവ ആയിരുന്നു. 

പിന്നീട് മമ്മൂട്ടി തന്നെ നായകനായ ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ദിലീപ് ചിത്രം സ്പാനിഷ് മസാല, ലയൺ, ജയസൂര്യ നായകനായ പയ്യൻസ് എന്നീ ചിത്രങ്ങളും നിർമ്മിച്ചു.

മൂന്നു വർഷം മുൻപ് ഉദര സംബന്ധമായ രോഗത്തിനു നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറെ ചികിത്സയിൽ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ലയിലേക്ക് മാറ്റിയത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഭാര്യ ഷീബ മരിച്ചത്. ഭാര്യയുടെ വിയോ​ഗവും നൗഷാദിനെ തളർത്തിയിരുന്നു. 

ഒരു മകളാണ് നൗഷാദിന് ഉള്ളത്. ശരീരം പോലെ വിശാലമായ സൗഹൃദങ്ങൾക്കും ഉടമയാണ് നൗഷാദ്. രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിൽ എണ്ണമറ്റ സുഹൃത്തുക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. പാചക മേഖലയിലും മലയാള സിനിമയിലും മികച്ച സംഭാവനകൾ നൽകിയ നൗഷാദ് വിടപറയുമ്പോൾ ഏവരിലും നോവുണർത്തുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!