
പ്രശസ്‍ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകം.
കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ ധവനി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റം. ആ ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്കാരം ലഭിച്ചു. സുജാതയുടെ രചനയില്‍ ഭാരതിരാജ സംവിധാനം ചെയ്ത് 2004 ല്‍ പുറത്തെത്തിയ ചിത്രമാണിത്. 2000 മുതല്‍ ഇങ്ങോട്ട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് മയില്‍സാമി. 2016 ല്‍ മാത്രം 16 ചിത്രങ്ങളിലാണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമാ അഭിനയത്തിനു പുറമെ സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, നാടക നടന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയില്‍സാമി. സണ്‍ ടിവിയിലെ അസതപോവാത് യാര് എന്ന ഷോയിലെ സ്ഥിരം വിധികര്‍ത്താവുമായിരുന്നു അദ്ദേഹം. ഏറെ ജനശ്രദ്ധ നേടിയ ഷോയാണ് ഇത്. നെഞ്ചുക്കു നീതി, വീട്‍ല വിശേഷം, ദി ലെജന്‍ഡ് തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ ചിത്രങ്ങള്‍.
ALSO READ : 'വാത്തി' ബോക്സ് ഓഫീസില്‍ ക്ലച്ച് പിടിക്കുമോ? ധനുഷ് ചിത്രം ആദ്യ ദിനം നേടിയത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ