പ്രഭാസ് എഫക്ട്; സാഹോ 400 കോടി ക്ലബിലേക്ക്

By Web TeamFirst Published Sep 5, 2019, 3:30 PM IST
Highlights

ബാഹുബലി 1, 2 ചിത്രങ്ങള്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ എത്തിയ പ്രഭാസ് ചിത്രമായതിനാല്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു 'സാഹോ'

പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സാഹോ'യുടെ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ അഞ്ച് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നാന്നൂറ് കോടി ക്ലബിലേക്കെത്തുകയാണ്. 350കോടിയിലധികം സാഹോ വാരിക്കൂട്ടിയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ബാഹുബലി 1, 2 ചിത്രങ്ങള്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ എത്തിയ പ്രഭാസ് ചിത്രമായതിനാല്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു 'സാഹോ'. എന്നാല്‍ ആദ്യഷോകള്‍ക്ക് ശേഷം നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തെ തേടിയെത്തി. എന്നാല്‍ കളക്ഷനെ ബാധിക്കുന്ന തരത്തില്‍ അത്തരം അഭിപ്രായങ്ങള്‍ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

ബോളിവുഡില്‍ നൂറുകോടി ക്ലബില്‍ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി സാഹോയും ഉണ്ടാകും. മറ്റു ഭാഷകളിലും ഓവര്‍സീസിലും സാഹോ മികച്ച മുന്നേറ്റമാണ് കാഴ്ച്ച വെക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ സാഹോ സാങ്കേതിക മികവിന്‍റെ കാര്യത്തില്‍ വലിയ അഭിപ്രായമാണ് നേടിയെടുത്തത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തില്‍ കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പൊലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രി ആരാധകരെ രസിപ്പിക്കുന്നുണ്ട്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍

click me!