
ബി ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലിലെ ഭീമസേനനായി പ്രേക്ഷകരുടെ മനംകവര്‍ന്ന അഭിനേതാവ്, ഹാമര്‍ ത്രോയിലും ഡിസ്‍കസ് ത്രോയിലും രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത കായികതാരം, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഇങ്ങനെ വ്യത്യസ്‍തമായ പല പാതകളിലൂടെയും സഞ്ചരിച്ച് വിജയം വരിച്ച ആളാണ് ഇന്നലെ അന്തരിച്ച പ്രവീണ്‍ കുമാര്‍ സോബ്‍തി (Praveen Kumar Sobti). 'മഹാഭാരത'ത്തിലെ ഭീമന്‍റെ റോളാണ് പ്രവീണ്‍ കുമാറിന് അഭിനേതാവ് എന്ന നിലയില്‍ കരിയര്‍ ബ്രേക്ക് നല്‍കിയതെങ്കിലും ബോളിവുഡി ചിത്രങ്ങളിലൂടെ അതിനു മുന്‍പേ അഭിനയരംഗത്ത് എത്തിയിരുന്നു അദ്ദേഹം.
ആറരയടിയിലേറെ പൊക്കവും അതിനൊത്ത ഭാരവുമുള്ള ശരീരഘടന തന്നെയാണ് സംവിധായകരുടെ ശ്രദ്ധയിലേക്ക് ഈ കായികതാരത്തെ എത്തിച്ചത്. ആദ്യ സിനിമയിലേക്ക് ക്ഷണം ലഭിച്ച കാലത്തെക്കുറിച്ച് പ്രവീണ്‍ കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കശ്‍മീരില്‍ ഒരു ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനിടെയാണ് ആ ക്ഷണം എത്തിയത്. ജിതേന്ദ്രയെ നായകനാക്കി രവികാന്ത് നഗെയ്‍ച്ച് സംവിധാനം ചെയ്‍ത് 1982ല്‍ പുറത്തെത്തിയ രക്ഷയായിരുന്നു പ്രവീണ്‍ കുമാര്‍ അഭിനയിച്ച ആദ്യ ചിത്രം. നടന്‍റെ വലിയ ശരീരം മാത്രം ഉപയോഗപ്പെടുത്തിയ സിനിമയില്‍ അദ്ദേഹത്തിന് സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സംഭാഷണങ്ങളുള്ള വേഷങ്ങള്‍ ലഭിച്ചെങ്കിലും ഏറെയും വില്ലന്‍ ഛായയുള്ള കഥാപാത്രങ്ങളായിരുന്നു. അമിതാഭ് ബച്ചനെ നായകനാക്കി ടിന്നു ആനന്ദ് സംവിധാനം ചെയ്‍ത ഷെഹന്‍ഷായാണ് ഹിന്ദി സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളില്‍ ഒന്ന്.
1988 ഒക്ടോബറില്‍ 94 എപ്പിസോഡുകളിലായി ബി ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ആരംഭിച്ചതോടെ ഭാഷാ അതിരുകള്‍ക്കപ്പുറത്ത് പ്രവീണ്‍ കുമാര്‍ സോബ്‍തി തിരിച്ചറിയപ്പെട്ടു. താന്‍ നാല് ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ മൈക്കള്‍ മദന കാമ രാജനിലേക്ക് (Michael Madana Kama Rajan) പ്രവീണ്‍ കുമാറിനെ ക്ഷണിക്കാന്‍ കമല്‍ ഹാസനെ പ്രേരിപ്പിച്ചതും ഈ പ്രശസ്‍തി ആയിരുന്നു. സിംഗീതം ശ്രീനിവാസ റാവുവിന്‍റെ സംവിധാനത്തില്‍ 1990ല്‍ പുറത്തെത്തിയ തമിഴ് കോമഡി ചിത്രത്തില്‍ പ്രവീണ്‍ കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരും ഭീം എന്നുതന്നെയായിരുന്നു. കമല്‍ ഹാസന്‍ തന്നെ അവതരിപ്പിച്ച മദന്‍ എന്ന കഥാപാത്രത്തിന്‍റെ ബോഡിഗാര്‍ഡ് ആയിരുന്നു ഈ കഥാപാത്രം. ഇരുവര്‍ക്കുമിടയിലുള്ള നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഈ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയെങ്കിലും തമിഴില്‍ മറ്റു ചിത്രങ്ങളിലേക്കൊന്നും പ്രവീണ്‍ കുമാര്‍ എത്തിയില്ല. തെലുങ്കിലും ഒരു ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ കിഷ്‍കിന്ധകാണ്ഡ ആയിരുന്നു ആ ചിത്രം.