'ബ്രോ ഡാഡി'യെക്കുറിച്ച് എന്തു പറയുന്നു? ആരാധകന്‍റെ ചോദ്യത്തിന് ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ പൃഥ്വിയുടെ മറുപടി

By Web TeamFirst Published Jun 23, 2021, 1:30 AM IST
Highlights

'കോള്‍ഡ് കേസി'ന്‍റെ പ്രൊമോഷനുവേണ്ടി ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ പൃഥ്വി

'ലൂസിഫറി'നു ശേഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്. 'ലൂസിഫറി'ന്‍റെ സീക്വല്‍ ആയ 'എമ്പുരാന്‍' നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും ഒഴിയാതെ തുടങ്ങാന്‍ കഴിയാത്ത പ്രോജക്റ്റ് ആണ് അത്. ആ ഇടവേളയിലാണ് പൃഥ്വി മറ്റൊരു ചിത്രം പ്ലാന്‍ ചെയ്‍തത്. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ രസമുള്ള ഒരു ഫാമിലി ഗ്രാമ ചിത്രം എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പൃഥ്വി കുറിച്ചത്. തന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ 'കോള്‍ഡ് കേസി'ന്‍റെ പ്രൊമോഷനുവേണ്ടി പൃഥ്വി ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരില്‍ ചിലര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് ബ്രോ ഡാഡിയെക്കുറിച്ചായിരുന്നു. അതിന് ചുരുക്കം വാക്കുകളില്‍ രസകരമായ മറുപടിയും പൃഥ്വി പറഞ്ഞു.

'ബ്രോ ഡാഡിയെക്കുറിച്ച് എന്നോട് പറയൂ' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. "ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍-ഫാമിലി ഫിലിം. അത്രയേ ഉള്ളൂ" എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ വൈകാതെ മറ്റൊരു ആരാധകന്‍റെ കമന്‍റ് എത്തി. 'ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്, മ് മ് കേട്ടിരിക്കണൂ' എന്നായിരുന്നു ആരാധകന്‍റെ പ്രതികരണം. 'ലൂസിഫര്‍' പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ചിത്രമെന്ന് പൃഥ്വി റിലീസിനു മുന്‍പു പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ കമന്‍റ്. ഇതിന് ചിരിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. "സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് അത്", പൃഥ്വി പറഞ്ഞു.

എമ്പുരാന്‍ എന്ന് തുടങ്ങും എന്നതായിരുന്നു മറ്റു ചിലര്‍ക്ക് അറിയേണ്ടത്. കൊവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും അവസാനിച്ചാല്‍ മാത്രം തുടങ്ങാനാവുന്ന ചിത്രമാണ് എമ്പുരാന്‍ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. "എമ്പുരാന്‍ സിനിമയുടെ ജോലികള്‍ തുടങ്ങാന്‍ തന്നെ എല്ലാം തുറക്കുന്ന അവസ്ഥയിലേക്ക് എത്തണം. അതിന്‍റെ ലൊക്കേഷനൊക്കെ കാണാന്‍ പോവുന്നതിനുതന്നെ യാത്രാവിലക്കുകളൊക്കെ മാറേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണ്", പൃഥ്വി പറഞ്ഞു.

അതേസമയം പൃഥ്വിരാജിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആണ് കോള്‍ഡ് കേസ്. തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൈബ്രിഡ് ഴോണര്‍ ആണെന്നും സൂപ്പര്‍നാച്ചുറല്‍, ഹൊറര്‍, ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുടെ ഘടകങ്ങളൊക്കെ ഒരുമിച്ച ചിത്രമാണെന്നും പൃഥ്വി പറഞ്ഞു. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലന്‍ ആണ് നായികയാവുന്നത്. എസിപി സത്യജിത്ത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്‍റേതാണ് തിരക്കഥ. 

click me!