'കാപ്പ'യില്‍ പൃഥ്വിയും മഞ്ജുവും; ഗ്യാങ്സ്റ്റര്‍ ഡ്രാമ ഒരുക്കാന്‍ വേണു

By Web TeamFirst Published Jul 25, 2021, 12:35 PM IST
Highlights

ജി ആര്‍ ഇന്ദുഗോപന്‍റെ 'ശംഖുമുഖി'യെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രം

വേണു പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് 'കാപ്പ' എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ആസിഫ് അലിയും അന്ന ബെന്നും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ 'രാച്ചിയമ്മ'യ്ക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പ'. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നിവയാണ് വേണു സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!