'ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും'; 'സര്‍സമീന്‍' കാണാന്‍ മലയാളത്തില്‍ ക്ഷണിച്ച് പൃഥ്വിരാജ്

Published : Jul 21, 2025, 01:51 PM ISTUpdated : Jul 21, 2025, 01:58 PM IST
prithviraj invites audience for Sarzameen in malayalam jio hotstar kajol ibrahim

Synopsis

ഈ മാസം 25 നാണ് റിലീസ്

സംവിധായകനും നടനായും എത്തിയ എമ്പുരാന് ശേഷം പൃഥ്വിരാജിനെ ഇനി പ്രേക്ഷകര്‍ കാണുന്നത് ഒരു ഹിന്ദി ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ്. കയോസ് ഇറാനി സംവിധാനം ചെയ്ത സര്‍സമീന്‍ എന്ന ചിത്രമാണ് അത്. എന്നാല്‍ തിയറ്റര്‍ റിലീസ് അല്ല, മറിച്ച് ഡയറക്റ്റ് ഒടിടി റിലീസ് ആണ് ഈ ചിത്രം. ജിയോ ഹോട്ട്സ്റ്റാറിലൂടെ 25 നാണ് സര്‍സമീന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഹിന്ദിക്കൊപ്പം മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം കാണാനാവും. ഇപ്പോഴിതാ സ്ട്രീമിംഗിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രം കാണാന്‍ മലയാളി സിനിമാപ്രേമികളെ ക്ഷണിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്‍റെ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ജിയോ ഹോട്ട്സ്റ്റാര്‍.

“നമസ്കാരം, സര്‍സമീന്‍ എന്ന എന്‍റെ ഹിന്ദി സിനിമ ജൂലൈ 25-ാം തീയതി ജിയോ ഹോട്ട്സ്റ്റാറില്‍ വരുന്നു. ഞാന്‍ മാത്രമല്ല, കജോള്‍, ഇബ്രാഹിം അലി ഖാന്‍ തുടങ്ങിയ ഒരു വലിയ താരനിര ഈ സിനിമയിലുണ്ട്. ഇത് വൈകാരികവും തീവ്രവും ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതുമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നമ്മളല്ലേ, നല്ല സിനിമകള്‍ ഏത് ഭാഷയിലായാലും നമ്മള്‍ കാണുമല്ലോ. വരുമ്പോള്‍ കാണുക”, വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.

സൈനികോദ്യോഗസ്ഥനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം. അച്ഛന്‍- മകന്‍ സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്‍റെ വഴി വിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് മകന്‍. ഇത് ആ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം പറയുന്നത്. സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ മകന്‍റെ റോളില്‍ എത്തുന്നത്. കജോള്‍ ആണ് ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്.

മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികളില്‍ നിന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറിന് ലഭിച്ചത്. നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ ആയിരുന്ന നദാനിയാന്‍ ആയിരുന്നു ഇബ്രാഹിമിന്‍റെ അരങ്ങേറ്റ ചിത്രം. ടീന്‍ റൊമാന്‍റിക് കോമഡി ചിത്രമായിരുന്ന നദാനിയാനില്‍ നിന്ന് തികച്ചും വ്യത്യസ്യസ്തമായ റോളാണ് ഇബ്രാഹിമിന് ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൗമില്‍ ശുക്ലയും അരുണ്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു